postalballot

തിരുവനന്തപുരം:എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ ഇടവേളയില്ലാതെ തുടരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നത് നിർത്തിവയ്‌ക്കാനായിരുന്നു നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുന്നതും കാത്ത് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ നിർത്തേണ്ടതില്ലെന്നാണ് പുതിയ നിർദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതുവരെ മുടക്കംകൂടാതെ തുടരാൻ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമാന്തരമായി പോസ്റ്റൽ ബാലറ്റുകളുടെ എണ്ണലും നടക്കും. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാൻ തുടങ്ങും.