ameya

വർക്കല: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന ഒന്നര വയസുകാരിക്ക് ആശ്വാസവുമായി ഇടവയിലെ ഒരു കൂട്ടം ആട്ടോ ഡ്രൈവർമാർ രംഗത്തെത്തി. ഇടവ മാന്തറ മഠത്തിൽവിള വീട്ടിൽ അജിത്ത്കുമാറിന്റെയും നിത്യയുടെയും മകൾ അമേയയുടെ ചികിത്സയ്ക്ക് ഇടവ മൂന്നുമൂല ആട്ടോ ബ്രദേഴ്സിലെ ഒരുകൂട്ടം ആട്ടോ ഡ്രൈവർമാരാണ് അവരുടെ ഒരുദിവസത്തെ വരുമാനത്തിൽ നിന്നും സമാഹരിച്ച 20000 രൂപ നൽകിയത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 35 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ്. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് മാതാപിതാക്കളും നാട്ടുകാരും. ശസ്ത്രക്രിയയിലൂടെ മാത്രമേ അമേയയെ രക്ഷിക്കാനാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ദമ്പതികളുടെ മൂത്തമകൻ ഒന്നര വയസ് പ്രായമുണ്ടായിരുന്ന അശ്വിൻ ഇതേ അസുഖത്താലാണ് മരിച്ചത്. കുരുന്ന് ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾ സഹായം തേടുന്നു എന്ന തലക്കെട്ടിൽ മേയ് 17ന് കേരളകൗമുദി അമേയയുടെ രോഗവും ചികിത്സയും സംബന്ധിച്ച വാർത്ത നൽകിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മകളടക്കം സുമനസുകളായ നിരവധിപേർ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ശസ്ത്രക്രിയ എത്രയും വേഗം നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് ഇനിയും വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്. സഹായങ്ങൾ അജിിത്കുമാറിന്റെ ഫെഡറൽ ബാങ്ക് ഇടവ ശാഖയിലെ 10630100126939 നമ്പരിലുളള അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. ഐ.എഫ്.എസ്.സി - FDRL0001063. ആട്ടോ ഡ്രൈവർമാർ അയിരൂർ സബ്ഇൻസ്പെക്ടർ ബാബുക്കുറുപ്പ് മുഖേനയാണ് 20000രൂപ അജിത് കുമാറിനെ ഏല്പിച്ചത്.