gold-

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ ദുബായിൽ നിന്ന് 25 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ മുൻപ് കാരിയർമാരായ 12 സ്ത്രീകളെ ഡി.ആർ.ഐ പ്രതിയാക്കി. സ്വർണക്കടത്തിന്റെ സൂത്രധാരന്മാരായ ദുബായിലെ ജിത്തു, തലസ്ഥാനത്തെ അഭിഭാഷകൻ വിഷ്‌ണു, പ്രകാശൻ, ജുവലറി മാനേജർ ഹക്കിം എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. സ്വർണക്കടത്ത് ആസൂത്രണം ചെയ്ത അഭിഭാഷകൻ ബിജുമോഹനെതിരെ നേരത്തേ ലുക്കൗട്ടിറക്കിയിരുന്നു. ജിത്തുവിനെ ദുബായിൽ പിടികൂടാനും ഡി.ആർ.ഐ ശ്രമം തുടങ്ങി.

മലയാളിയായ കസ്റ്റംസ് ഉന്നതനും ഹിന്ദിക്കാരായ മൂന്ന് ഉദ്യോഗസ്ഥർക്കും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിലൊരാൾ നേരത്തേ ഡി.ആർ.ഐയിലുണ്ടായിരുന്നു. ഇവരെ മൂന്നുവട്ടം ചോദ്യംചെയ്തു. മൂന്നുപേരുടെ ഫോൺ പിടിച്ചെടുത്ത് സി-ഡാകിൽ പരിശോധനയ്ക്കയച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇവരുടെ വസതികളിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടിച്ചെടുത്തു. 25 കിലോ സ്വർണം കൊണ്ടുവന്ന സെറീന കഴിഞ്ഞ 13നാണ് പിടിയിലായത്. മേയ് 1, 5, 7, 9, 11 തീയതികളിൽ ഇവർ തിരുവനന്തപുരം വഴി യാത്രചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഈ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കുണ്ടായിരുന്നു. ചിലർ അടുത്ത ഷിഫ്‌റ്റിലാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ബാഗേജ് എക്സ്‌റേ പരിശോധന നടത്തിയതും ഇവരായിരുന്നു. ഒരുവട്ടം എക്സ് റേ പരിശോധന നടത്തുകയായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടറെ മാറ്റി, സൂപ്രണ്ട് കസേരയിലിരിക്കുന്നതും സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. സെറീന കടന്നുപോയതിനു പിന്നാലെ സൂപ്രണ്ട് എഴുന്നേറ്റുപോയി. സെറീന വിമാനത്താവളത്തിന് പുറത്തേക്കു പോകുന്നത് ഒരു ഉദ്യോഗസ്ഥൻ പിറകെ പോയി ഉറപ്പിക്കുന്നതും സി.സി ടിവിയിലുണ്ട്.

എക്സ്‌റേ പരിശോധനയ്ക്കെത്തിയെങ്കിലും രജിസ്റ്ററിൽ ഈ ഉദ്യോഗസ്ഥൻ ഒപ്പിട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഫോണിൽ നിന്ന് സെറീനയ്ക്ക് വിളികളില്ല. പക്ഷേ, സ്വർണക്കടത്തിന്റെ സൂത്രധാരനായ അഭിഭാഷകന്റെയും കൂട്ടാളികളുടെയും ഫോണിൽ വിളിച്ചിട്ടുണ്ട്. സെറീനയുടെ ഹാൻഡ് ബാഗ് എക്സ്‌റേ പരിശോധന നടത്താതെ ഹിന്ദിക്കാരായ ഉദ്യോഗസ്ഥർ കടത്തിവിടുന്നതിന്റെ ദൃശ്യങ്ങളും ഡി.ആർ.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാവരും നിരീക്ഷണത്തിലാണെന്നും തെളിവു വ്യക്തമായാലുടൻ അറസ്റ്റുണ്ടാവുമെന്നും ഡി.ആർ.ഐ അറിയിച്ചു. ഇവരുടെ ഫോണിൽ നിന്ന് മായ്ചുകളഞ്ഞ വിവരങ്ങളും സന്ദേശങ്ങളും വീണ്ടെടുക്കാൻ ഡി.ആർ.ഐ സി-ഡാക്കിന്റെ സഹായം തേടി. കള്ളക്കടത്ത് നടത്തിയ സ്വർണം വാങ്ങിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹക്കിമിന്റെ ആസ്തികൾ ഡി.ആർ.ഐ മരവിപ്പിച്ചു. ഇയാളുടെ മലപ്പുറത്തെ വീട്ടിലും മാനേജരായ കിഴക്കേകോട്ടയിലെ ജുവലറിയിലും ഡി.ആർ.ഐ റെയ്ഡ് നടത്തിയിരുന്നു.