തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി അനധികൃത സർവീസ് നടത്തിവന്ന സ്വകാര്യബസിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ രണ്ടുമാസമായി അഞ്ചലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തി വന്നിരുന്ന പ്രിയ എന്ന ബസാണ് കസ്റ്റഡിയിലായത്. സ്വകാര്യബസിലെ യാത്രക്കാർക്കു വേണ്ടി വാട്സ്ഗ്രൂപ്പും സൃഷ്ടിച്ചിരുന്നു. അനധികൃത ബസ് സർവീസിന് നേതൃത്വം നൽകിയെന്ന് സംശയിക്കുന്ന ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ജീവനക്കാരനെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്ലസ് വൺ പ്രവേശന വിഭാഗത്തിലെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ പി.പി സുജയ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് വകുപ്പ്തല അന്വേഷണത്തിന് കാരണമായത്. ഇയാൾ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്നലെ പ്രചരിച്ചിരുന്നു. എൻഫോഴ്സ്‌മെന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ. ഹരികുമാർ, കെ.എസ് രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നാലാഞ്ചിറയിൽ നിന്നും ബസിൽ കയറിയ ഉദ്യോഗസ്ഥർ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. റൂട്ട് ബസിന്റെ മാതൃകയിൽ പ്രത്യേകം നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നതെന്ന് സർക്കാർ ജീവനക്കാരായ യാത്രക്കാർ മൊഴി നൽകി. ഉച്ചയോടെ സ്ഥലത്തെത്തിയ ബസുടമ കുറ്റം സമ്മതിച്ച് അനധികൃത സർവീസ് ആവർത്തിക്കില്ലെന്ന് മൊഴി നൽകി. തുടർന്ന് 5000 രൂപ പിഴ ഈടാക്കി ബസ് വിട്ടുനൽകി. ഇതിനോടൊപ്പം ഉണ്ടായിരുന്ന മഠത്തിൽ എന്ന ബസിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.