mla

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ പൊന്നെടുത്തകുഴി ഇറയംകോട്ട് അനധികൃത ടാർ പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം കെ.എസ്. ശബരിനാഥൻ എം.എൽ.എ സന്ദർശിച്ചു. പൊതു ജനങ്ങൾക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കത്തിനെതിരെ ജനങ്ങങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. ഇറയംകോട് അംഗൻ വാടി ഉൾപ്പടെയുള്ള പ്രദേശത്താണ് ടാർ മിക്‌സിംഗ് യൂണിറ്റ് പ്രവർത്തനങ്ങൾക്കായി സ്ഥലം എടുത്തിരുന്നത്. യൂണിറ്റ് വന്നാൽ പൊതുജനത്തിന് കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ചൂണ്ടി കാട്ടി പഞ്ചായത്തിലും ജില്ലാ കലക്ടർക്കും ഉൾപ്പടെ സമര സമിതി പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ്, വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ് അജിതകുമാരി എന്നിവരും സ്ഥലത്തെത്തി ടാർ മിക്‌സിംഗ് യൂണിറ്റിന് എതിരെ പൊതു ജനത്തിനൊപ്പം നിൽക്കുമെന്ന ഉറപ്പു നൽകി. സമര സമിതി നേതാക്കളായ കട്ടക്കോട് തങ്കച്ചൻ, സുദർശൻ, ലാലു, എം.എം. ഷെഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു, രാഘവലാൽ, മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, എം.ഡി. രാജേന്ദ്രൻ, ഷാജഹാൻ, ബഷീർ കുഞ്ഞ്, ജെ. ബാലസ്, തുടങ്ങിയവർ പങ്കെടുത്തു.