world-cup-allrounders
world cup allrounders

1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ അതിൽ അക്കാലത്തെ ഏറ്റവും മികച്ച ആൾ റൗണ്ടറുടെ,​ സാക്ഷാൽ കപിൽ ദേവിന്റെ - കയ്യൊപ്പ് പതിഞ്ഞിരുന്നു. 2011ൽ ധോണി കപ്പുയർത്തിയത് യുവ്‌രാജ് സിംഗിന്റെ ആൾ റൗണ്ട് പെർഫോമൻസിന്റെ മികവിലായിരുന്നു. ഓരോ ലോകകപ്പിലും ഈ രീതിയിൽ സൂപ്പർ ഹീറോകളാകുന്നത് ആൾ റൗണ്ടർമാരാണ്. ഇംഗ്ളണ്ടിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലും ആൾ റൗണ്ടർമാർക്ക് പ്രത്യേക സ്ഥാനമുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. പങ്കെടുക്കുന്ന 10 ടീമുകളും മികച്ച ആൾ റൗണ്ടർമാരുമായാണ് എത്തിയിരിക്കുന്നത്. പേസ് ബൗളിംഗിന് കഴിയുന്ന ആൾ റൗണ്ടർമാരെയാണ് പ്രധാനമായും ടീമുകൾ അണിനിരത്തുന്നത്.

ലോകകപ്പിന് മുമ്പ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം ബംഗ്ളാദേശി വെറ്ററൻ ഷാക്കിബ് അൽ ഹസനാണ്. ഏഷ്യയിൽ നിന്ന് ആറ് ആൾ റൗണ്ടർമാർ ആദ്യ പത്ത് റാങ്കിനുള്ളിലെത്തിയപ്പോൾ അതിൽ ഇന്ത്യക്കാർ ഒരാൾ പോലുമില്ലെന്നത് കൗതുകമായി. 12-ാം റാങ്കിൽ കേദാർ യാദവും 20-ാം റാങ്കിൽ ഹാർദിക് പാണ്ഡ്യയുമുണ്ട്. എന്നാൽ റാങ്കിംഗിലല്ല പ്രകടനത്തിലാണ് കാര്യമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ഉറച്ചു വിശ്വസിക്കുന്നു.

ഇന്ത്യയുടെ നാൽവർ സംഘം

ഐ.സി.സി റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനത്തുള്ളവർ ആരുമില്ലെങ്കിലും 15 അംഗ ടീമിൽ നാല് ആൾ റൗണ്ടർമാരെ ഇന്ത്യ, സജ്ജരാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജ,​ ഹാർദിക്, പാണ്ഡ്യ, കേദാർ യാദവ്, വിജയ് ശങ്കർ എന്നിവരാണ് അവർ.

ഐ.സി.സി റാങ്ക് പട്ടികയിൽ ടോപ് ടെന്നിലുള്ളവരേക്കാൾ മികവ് കാട്ടാൻ കഴിയുന്നവരാണിവർ. പേസ് ബൗളറായ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ തുറുപ്പു ചീട്ട്. ഐ.പി.എല്ലിൽ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമാണ് മുംബയ് ഇന്ത്യൻസിന് വേണ്ടി പാണ്ഡ്യ കാഴ്ചവച്ചത്. മദ്ധ്യനിരയിൽ വമ്പനടികൾക്ക് ശേഷിയുള്ള ബാറ്റ്സ്‌മാനാണ് പാണ്ഡ്യ. മത്സരങ്ങൾ ഫിനിഷ് ചെയ്യാനും മിടുക്കൻ. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്തിയ മുൻ പരിചയവും ഹാർദിക്കിനുണ്ട്.

മറ്റ് മൂന്നുപേർ സ്പിൻ ബൗളർമാരായ ആൾ റൗണ്ടേഴ്സാണ്. കേദാർ യാദവ് ഐ.പി.എല്ലിനിടയിലേറ്റ പരിക്കിൽ നിന്ന് മോചിതനായാണ് ഇംഗ്ളണ്ടിലെത്തിയിരിക്കുന്നത്. മികച്ച മദ്ധ്യനിര ബാറ്റ്‌സ്‌മാൻ എന്നതാണ് കേദാറിന്റെ പ്ളസ് പോയിന്റ്. പക്ഷേ ഐ.പി.എല്ലിൽ അത്ര മികച്ച ഫോമിലായിരുന്നില്ല.

പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജയെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് അടിയന്തര ഘട്ടത്തിൽ മാത്രമായിരിക്കും എന്നാണ് സൂചന. ജഡേജയെക്കാൾ യുവതാരം വിജയ് ശങ്കറിനാകും കൊഹ്‌ലി പ്രാധാന്യം നൽകുക. നാലാം നമ്പർ പൊസിഷനിൽ വിജയ് ശങ്കറിന് അവസരം നൽകാനും സാദ്ധ്യതയുണ്ട്.

ആതിഥേയരായ ഇംഗ്ളണ്ടിന് ക്രിസ്‌വോക്സ്, ആസ്ട്രേലിയയ്ക്ക് ഗ്ളെൻ മാക്സ്‌വെൽ, ദക്ഷിണാഫ്രിക്കയ്ക്ക് ജീൻ പോൾഡുമിനി, ബംഗ്ളാദേശിന് ഷാക്കിബ് അൽഹസൻ, പാകിസ്ഥാന് മുഹമ്മദ് ഹഫീസും ഇമാദ് വാസി, വെസ്റ്റ് ഇൻഡീസിന് നായകൻ ജാസൺ ഹോൾഡർ, ന്യൂസിലൻഡിന് മിച്ചൽ സാന്റ്‌വർ തുടങ്ങി ഒരുപിടി മികച്ച ആൾറൗണ്ടർമാർ ഐ.സി.സി റാങ്ക് പട്ടികയിലെ തിളക്കവുമായി ലോകകപ്പിനെത്തുന്നു. ഈ ലോകകപ്പിലെ ഏറ്റവും പരിചയ സമ്പത്ത് കുറഞ്ഞ ടീമായ അഫ്‌ഗാനിസ്ഥാനിൽ ഐ.സി.സി ടോപ് ഫൈവിലുള്ള രണ്ട് ആൾ റൗണ്ടർമാരുണ്ട്. റാഷിദ് ഖാനും മുഹമ്മദ് നബിയും. ഷോർട്ട് ഫോർമാറ്റ് ക്രിക്കറ്റിലെ ലെഗ്‌സ്‌പിൻ സെൻസേഷനാണ് റാഷിദ്. അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റും ചെയ്യും. മുഹമ്മദ് നബി പരിചയ സമ്പന്നനായ ബാറ്റ്‌സ്‌മാനാണ്. റൺസ് അധികം വഴങ്ങാതെ പത്തോവർ സ്പിൻ ബൗളിംഗിനും കഴിയും. പേസ് ബൗളിംഗ് ആൾ റൗണ്ടർമാരാണ് വിൻഡീസ് നായകൻ ജാസൺ ഹോൾഡറും മുൻ ലങ്കൻ നായകൻ ഏഞ്ചലോ മാത്യൂസും.

ഐ.സി.സി ടോപ് ടെൻ ആൾ റൗണ്ടേഴ്സ്

1. ഷാക്കിബ് അൽഹസൻ

32 കാരനായ ഷാക്കിബ് ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഐ.സി.സി റാങ്കിംഗിൽ ഒന്നാമതെത്തിയത്. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഷാക്കിബ് നേടിയത് രണ്ട് അർദ്ധ സെഞ്ച്വറികളടക്കം 140 റൺസും രണ്ട് വിക്കറ്റുകളും.

മദ്ധ്യ നിര ബാറ്റ്‌സ്‌മാനും സ്പിൻ ബൗളറും

2. റാഷിദ് ഖാൻ

മികച്ച ലെഗ്സ്‌സ്പിന്നർ. വാലറ്റത്ത് റൺസ് നേടാൻ കഴിയുന്ന ബാറ്റ്സ്‌മാൻ. ഒന്നാം റാങ്കിലായിരുന്നു. ഷാക്കിബിന് വഴിമാറി.

3. മുഹമ്മദ് നബി

പരിചയ സമ്പന്നനായ ബാറ്റ്സ്‌മാൻ. സ്പിൻ ബൗളർ.

4. ഇമാദ് വാസിം

ഇടംകയ്യൻ സ്പിന്നർ. വാലറ്റത്ത് ബാറ്റിംഗിനിറങ്ങുന്നു.

5. മിച്ചൽ സാന്റ്‌നർ

സ്പിന്നർ. ഫിനിഷിംഗ് ഇന്നിംഗ്‌സുകൾക്ക് കഴിയുന്ന ബാറ്റ്സ്‌മാൻ.

6. ക്രിസ് വോക്സ്

വലം കയ്യൻ മീഡിയം പേസർ. ബൗളിംഗ് ഓപ്പൺ ചെയ്യാനുള്ള കഴിവ്. മദ്ധ്യ നിര ബാറ്റിംഗിൽ തിളങ്ങും.

7. മുഹമ്മദ് ഹഫീസ്

സ്പിന്നർ, ഓപ്പണിംഗ് ബാറ്റ്സ്‌മാൻ. പരിചയ സമ്പന്നൻ. മുൻ പാകിസ്ഥാൻ ക്യാപ്ടൻ.

8. ജാസൺ ഹോൾഡർ

വലംകയ്യൻ മീഡിയം പേസർ, മദ്ധ്യനിര ബാറ്റ്സ്‌മാൻ. കഴിഞ്ഞ ലോക കപ്പിൽ മികച്ച ആൾ റൗണ്ട് പ്രകടനം. വിൻഡീസ് ക്യാപ്ടൻ.

9. സിക്കന്ദർ റാസ

ഫസ്റ്റ് ഡൗൺ പൊസിഷനിൽ ബാറ്റിംഗിനിറങ്ങുന്നു. ഓഫ് ബ്രേക്ക് ബൗളർ.

10. ഏഞ്ചലോ മാത്യൂസ്

ശ്രീലങ്കൻ സ്ട്രൈക്ക് ബൗളർ. മദ്ധ്യ നിരയിലെ അനുഭവ സമ്പന്നനായ ബാറ്റ്സ്‌മാൻ.

ഇംഗ്ളണ്ട് ടീമിലെ പരിചയ സമ്പന്നനായ ആൾ റൗണ്ടർ ബെൻ സ്റ്റോക്സ് 11-ാം റാങ്കിലാണ്. കേദാർ യാദവ് 12-ാം റാങ്കിലും ഹാർദിക് പാണ്ഡ്യ 20-ാം റാങ്കിലും.