തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ മാർ ഇവാനിയോസ് കോളേജ് വളപ്പിലെ പതിന്നാല് ഹാളുകളിലായാണ് നടക്കുക. ഒാരോ നിയമസഭാ മണ്ഡലങ്ങളുടെയും അടിസ്ഥാനത്തിലാണിത് നിശ്ചയിച്ചിരിക്കുന്നത്. ഒാരോ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിന് പതിന്നാല് ടേബിളുകൾ വീതം തിരുവനന്തപുരം മണ്ഡലത്തിലുണ്ടാകും. ഒരേസമയം ഒരു മണ്ഡലത്തിലെ പതിന്നാല് ബൂത്തുകൾ എണ്ണും. ഒരു ബൂത്തിലെ വോട്ട് എണ്ണുന്നതിന് അരമണിക്കൂറോളം വേണം. ഇതാണ് ഒരു റൗണ്ട്. ഒാരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർത്ഥികളുടെ വോട്ടും ലീഡും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. അതിന് ശേഷം പരാതികൾ തീർത്ത ശേഷമായിരിക്കും രണ്ടാമത്തെ റൗണ്ട് ആരംഭിക്കുക. ഒാരോ നിയോജകമണ്ഡലത്തിലെയും ബൂത്തുകളുടെ നമ്പരിന്റെ ക്രമത്തിലായിരിക്കും പതിന്നാല് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ എണ്ണുന്ന ടേബിളിൽ എത്തിക്കുക. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 1305 ബൂത്തുകളും ആറ്റിങ്ങൽ മണ്ഡലത്തിൽ 1410 ബൂത്തുകളുമാണ് ഉളളത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലായി ഏഴു വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. വർക്കല മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ മാർ ഇവാനിയോസ് കാമ്പസിലെ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലും ആറ്റിങ്ങൽ മണ്ഡലത്തിലേത് സർവോദയ വിദ്യാലയ ലിറ്റിൽഫ്ളവർ ഓഡിറ്റോറിയം (രണ്ടാം നില), ചിറയിൻകീഴ് മണ്ഡലത്തിലേത് സർവോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് മണ്ഡലത്തിലെ വോട്ടുകൾ സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, വാമനപുരം മണ്ഡലത്തിലേത് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, കഴക്കൂട്ടം മണ്ഡലത്തിലേത് സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിൻ ബിൽഡിംഗ്, വട്ടിയൂർക്കാവ് മണ്ഡലത്തിലേത് മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുകൾ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം, നേമം മണ്ഡലത്തിലെ വോട്ടുകൾ മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, അരുവിക്കര മണ്ഡലത്തിലെ വോട്ടുകൾ ജയ് മാതാ ഐ.ടി.സി, പാറശാല മണ്ഡലത്തിലെ വോട്ടുകൾ മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം, കാട്ടാക്കട മണ്ഡലത്തിലേത് മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം, കോവളം മണ്ഡലത്തിലേത് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം, നെയ്യാറ്റിൻകര മണ്ഡലത്തിലെ വോട്ടുകൾ മാർ ഇവാനിയോസ് കോളേജ് ബി.വി.എം.സി ഹാൾ എന്നിങ്ങനെ മാർ ഇവാനിയോസ് കാമ്പസിലെ വിവിധ ഒാഡിറ്റോറിയങ്ങളിലായാണ് നടക്കുക.