തിരുവനന്തപുരം: കോട്ടയം നഗരത്തിലെ നാഗമ്പടം റെയിൽവേ മേൽപ്പാലം പാതയിരട്ടിപ്പിന്റെ ഭാഗമായി ശനിയാഴ്ച പൊളിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച ഏറനാട്, വഞ്ചിനാട്, പരശുറാം, വേണാട്, പാലരുവി,ട്രെയിൻ സർവീസുകൾ രണ്ടുഭാഗത്തേക്കും സർവീസ് നടത്തില്ല. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എല്ലാ മെമു, പാസഞ്ചർ സർവീസുകളും റദ്ദാക്കി.

രാജ്യറാണി ഷൊർണൂരിലും ആലപ്പുഴ - കണ്ണൂർ, ഗുരുവായൂർ - പുനലൂർ എക്‌സ്‌പ്രസ് എന്നിവ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും ഇൗ സ്റ്റേഷനുകളിൽ നിന്നായിരിക്കും. കോട്ടയം വഴി സർവീസ് നടത്തുന്ന ഗുവാഹതി - കൊച്ചുവേളി, കേരളഎക്‌സ്‌പ്രസ്, മുംബയ് ജയന്തി, ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്, ബാനസവാഡി - കൊച്ചുവേളി ഹംസഫർ, ശബരി, ചെന്നൈ മെയിൽ, മലബാർ, മംഗലാപുരം - കൊച്ചുവേളി എക്‌സ്‌പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീൻ, ചെന്നൈ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ശ്രീഗംഗാനഗർ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. 24നും 26നും കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള മെമു, പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.