ന്യൂഡൽഹി : ക്രൊയേഷ്യൻ മുൻ താരമായ പരിശീലകൻ ഇഗോൾ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ കോച്ചായി സ്ഥാനമേറ്റെടുത്തു. ന്യൂഡൽഹിയിൽ ടീമിന്റെ പരിശീലന ക്യാമ്പ് ഇഗോറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മലയാളി താരങ്ങളായ ജോബി ജസ്റ്റിനും സഹാൽ അബ്ദുൽ സമദുമടക്കം 37 പേരാണ് ക്യാമ്പിലുള്ളത്.
തായ്‌ലൻഡിൽ അടുത്ത മാസം നടക്കുന്ന കിംഗ്സ് കപ്പ് ടൂർണമെന്റിനായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. ജൂൺ ഒന്നുവരെ ഡൽഹിയിൽ ക്യാമ്പ് തുടരും. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം ഇഗോർ കിംഗ്സ് കപ്പിനുള്ള 23 അംഗ ടീമിനെ തിരഞ്ഞെടുക്കും.
ജനുവരിയിൽ നടന്ന എ.എഫ്.സി കപ്പിൽ കളിച്ച താരങ്ങളിൽ പരിക്കേറ്റവരെ ഒഴിവാക്കിയാണ് ഇഗോർ 37 ക്യാമ്പംഗങ്ങളെ കണ്ടെത്തിയത്. ഇതിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ കോച്ചാകുന്നതിന് മുമ്പ് ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും മത്സരങ്ങൾ വീക്ഷിച്ചാണ് ഇഗോർ പുതിയ താരങ്ങളെ കണ്ടെത്തിയത്.
ആദ്യഘട്ട പരിശീലനത്തിൽ ഫിറ്റ്‌നസ് ടെസ്റ്റുകൾ നടത്താനും ഫുട്ബാൾ ഡ്രില്ലുകൾ നടത്താനുമാണ് ഇഗോർ മുൻകൈ എടുത്തത്.