മുംബയ് : ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണെങ്കിലും വിരാട് കൊഹ്‌ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാൻ കഴിയില്ലെന്നും ടീം വർക്കാണ് ക്രിക്കറ്റിൽ ജേതാക്കളെ നിശ്ചയിക്കുന്നതെന്നും സച്ചിൻ ടെൻഡുൽക്കർ. ''എല്ലാ മത്സരങ്ങളിലും ഒന്നോ രണ്ടോ പേർ മാത്രം തിളങ്ങിയാൽ മതിയാവില്ല. മറ്റുള്ളവരുടെ പിന്തുണയും വേണം. ഇല്ലെങ്കിൽ നിരാശയാവും ഫലം.'' സച്ചിൻ പറഞ്ഞു.
ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്‌മാൻ ആരായിരിക്കണമെന്നതിൽ ടെൻഷനടിക്കേണ്ട കാര്യമില്ലെന്നും സച്ചിൻ പറഞ്ഞു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ശേഷിയുള്ളവരാണ് കൊഹ്‌ലിക്കൊപ്പമുള്ളതെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
ഏകദിന ക്രിക്കറ്റിലെ ഫ്ളാറ്റ് പിച്ചുകൾ ബൗളർമാരുടെ ജീവിതം ദുഃസഹമാക്കുന്നുവെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. സമീപകാലത്ത് 350 റൺസ് പോലും 45 ഓവറിൽ ചേസ് ചെയ്ത് ജയിക്കുന്ന സ്ഥിതിയാണ്. ഒരു ഇന്നിംഗ്സിൽ രണ്ട് ന്യൂബാളുകൾ വന്നതോടെ റിവേഴ്സ് സ്വിംഗ് പഴങ്കഥയായെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇംഗ്ളണ്ടിൽ
25 ന് സന്നാഹം
ലോകകപ്പിനായി വിരാട് കൊഹ്‌ലിയും സംഘവും ഇംഗ്ളണ്ടിലെത്തി. കഴിഞ്ഞ രാത്രി മുംബെയ്‌യിൽ നിന്നാണ് ടീം ലണ്ടനിലേക്ക് വിമാനം കയറിയത്.
ഇന്ത്യയുടെ ഷെഡ്യൂൾ
മേയ് 24
ആദ്യ പരിശീലന സെഷൻ. ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ
മേയ് 25
ആദ്യ സന്നാഹ മത്സരം ഓവലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണിമുതൽ.
മേയ് 28
രണ്ടാം സന്നാഹ മത്സരം കാർഡിഫിൽ ബംഗ്ളാദേശിനെതിരെ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണിമുതൽ.
മേയ് 31
പ്രീ വേൾഡ് കപ്പ് ട്രെയിനിംഗ് സെഷൻ സതാംപ്ടണിൽ തുടങ്ങും.
ജൂൺ 5
ലോകകപ്പിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ.
ബൗളർമാർക്കെല്ലാം എന്നെ പേടിയാണ്. നിങ്ങൾ കാമറയുമായി ചെന്ന് അവരോട് ചോദിച്ചാൽ അവർ പറയും പേടിയില്ലെന്ന്. പക്ഷേ കാമറയില്ലാതെ ചോദിച്ചു നോക്കൂ അവർ ഏറ്റവും പേടിയുള്ള ബാറ്റ്‌സ്‌മാൻ ഞാനാണെന്ന് പറയും. പേസ് ബൗളർമാരെ അടിച്ചു പറത്തുന്നത് ഞാൻ ആസ്വദിക്കുന്നു.
ലോകകപ്പിനായി ഇംഗ്ളണ്ടിലെത്തിയ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്ൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.