ലാറ്റിനമേരിക്കൻ ഫുട്ബാൾ വസത്തിന്റെ കേളികൊട്ട് ബ്രസീലിൽ വീണ്ടുമുയരുന്നു, കോപ്പ അമേരിക്കയിലൂടെ ബ്രസീലും അർജന്റീനയും കൊളംബിയയും ഉറുഗ്വേയും ചിലിയുമടക്കമുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ഇക്കുറി ഏഷ്യയിൽ നിന്ന് രണ്ട് രാജ്യങ്ങൾ കൂടി അതിഥികളായി കോപ്പ നിറയ്ക്കാനെത്തുന്നു, 2022 ലോക കപ്പിന്റെ സംഘാടകരായ ഖത്തറും കഴിഞ്ഞ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ ജപ്പാനും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 10 ടീമുകൾക്കൊപ്പം രണ്ട് ഏഷ്യൻ രാജ്യങ്ങൾ കൂടി ചേരുമ്പോൾ 12 ടീമുകളാണ് ഇക്കുറി കോപ്പയിൽ മാറ്റുരയ്ക്കാൻ ഉണ്ടാവുക.
2014 ലെ ലോകകപ്പിന് ശേഷം ബ്രസീൽ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ ഫുട്ബാൾ മേളയാണിത്. 2014 ലോകകപ്പ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം കണ്ണീരിന്റെ ഓർമ്മയാണ്. സെമി ഫൈനലിൽ ജർമ്മനിയോട് 1-7 ന് തോറ്റതിന്റെ വേദന ഇനിയും അവരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. സ്വന്തം നാട്ടിൽ ഒരു ഫുട്ബാൾ ടൂർണമെന്റിൽ കിരീടം നേടി ആ നോവ് മറക്കാനാണ് നെയ്‌മറും സംഘവും ഇറങ്ങുന്നത്.
യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് ബ്രസീലിന്റെ 23 അംഗ ടീമിലുള്ളത്. നെയ്‌മറാണ് കേന്ദ്ര ബിന്ദു. എന്നാൽ പാരീസ് സെന്റ് ജെർമെയ്‌നുവേണ്ടി കളിക്കാനിറങ്ങിയപ്പോഴത്തെ പരിക്കിൽ നിന്ന് നെയ്‌മർ എത്രത്തോളം മോചിതനായി എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, ഡേവിഡ് ഗെരെസ്, കാസിമെറോ, ഫിലിപ്പ് കുടീഞ്ഞോ, ഫെർണാൻഡീഞ്ഞോ, ഡാനി ആൽവ്സ്, തിയാഗോ സിൽവ, മിരാൻഡ, ഫിലിപ്പ് ലൂയിസ് തുടങ്ങിയവർ ബ്രസീൽ ടീമിലുണ്ട്. ബൊളീവിയ, പെറു, വെനിസ്വേല എന്നിവർക്കൊപ്പം എ ഗ്രൂപ്പിലാണ് ബ്രസീൽ മത്സരിക്കുന്നത്.
1993 ന് ശേഷം കോപ്പയിലെന്നല്ല ഒരു പ്രധാന ടൂർണമെന്റിൽ പോലും കിരീടം നേടിയിട്ടില്ലാത്ത അർജന്റീനയും കപ്പ് എടുക്കാനുള്ള മോഹവുമായാണ് ബ്രസീലിലെത്തുന്നത്. 2014 ലോകകപ്പ് ഫൈനലിൽ ജർമ്മനിയോടും 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോടും തോറ്റു പുറത്തായ മെസിക്ക് തന്റെ രാജ്യത്തിനായി ഒരു കിരീടമെങ്കിലും നേടിക്കൊടുക്കാനുള്ള അവസരമാകുമിത്. ലോക കപ്പിന് ശേഷം അഗ്യൂറോയും ടീമിലെത്തിയിട്ടുണ്ട്. ഏൻജൽ ഡിമരിയ, പൗലോ ഡൈബാല എന്നിവർ ടീമിലെത്തിയപ്പോൾ മൗറോ ഇക്കാർഡിയെ കോച്ച് സ്കലോണി ഒഴിവാക്കി. പരാഗ്വേ, കൊളംബിയ, ഖത്തർ എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് അർജന്റീന മത്സരിക്കുന്നത്.
2016 നടന്ന ശതാബ്ദി കോപ്പയിൽ ചിലിയാണ് ചാമ്പ്യൻമാരായത്. അർജന്റീനയെയാണ് അവർ ഫൈനലിൽ തോൽപ്പിച്ചത്. 2015ലെ ഫൈനലിലും അർജന്റീനയെ ചിലി ഫൈനലിൽ കീഴടക്കിയിരുന്നു. ഇക്കുറി ചിലി സി ഗ്രൂപ്പിൽ ഉറുഗ്വേ, ജപ്പാൻ, ഇക്വഡോർ എന്നിവർക്കൊപ്പമാണ് മത്സരിക്കാനിറങ്ങുന്നത്.
12 ടീമുകളാണ് ഇത്തവണ ബ്രസീലീൽ മത്സരിക്കുന്നത്
2016 നടന്ന ശതാബ്ദി കോപ്പയിൽ ചാമ്പ്യൻമാരായത് ചിലിയാണ് .
ഏഷ്യയിൽ നിന്ന് ഖത്തറും ജപ്പാനും ഇത്തവണ കോപ്പയ്ക്കുണ്ട്