election

തിരുവനന്തപുരം: വന്മരങ്ങളെപ്പോലും കടപുഴക്കി, പ്രതീക്ഷകളെ തരിപ്പണമാക്കി സുനാമി പോലെ ജനവിധി ആഞ്ഞടിച്ചത് ആറുമണിക്കൂർ കേരളം കണ്ണെടുക്കാതെ നോക്കിനിന്നു. ഓരോ ബാളിലും ആവേശം വിതറുന്ന ട്വന്റി-20 ക്രിക്കറ്റ് മത്സരം പോലെയായിരുന്നു ആദ്യമണിക്കൂറെങ്കിൽ രണ്ടാംമണിക്കൂറിലെ 19-1 ലീഡുനില കണ്ട് മലയാളികൾ അമ്പരന്നു.

എക്‌സിറ്റ്‌പോളുകളെയെല്ലാം നിഷ്‌പ്രഭമാക്കിയ തിരയടിയിൽ പിന്നെയെല്ലാം മുങ്ങിപ്പോയി. ഇടതിന്റെ ഏകതുരുത്തായ ആലപ്പുഴ അവസാനംവരെ ആർക്കും പിടികൊടുക്കാതെ സസ്‌പെൻസ് നിലനിറുത്തി. അമേതിയിൽ മുങ്ങിപ്പോയ രാഹുൽഗാന്ധി കേരളത്തിൽ ചരിത്രംകുറിച്ച ഭൂരിപക്ഷമുണ്ടാക്കിയതിനും ഇടതുകോട്ടകൾ തകർന്നടിയുന്നതിനും അരഡസൻ ഭൂരിപക്ഷം ലക്ഷങ്ങളിലേക്ക് കുതിച്ചുകയറുന്നതിനും ഈ ആറുമണിക്കൂറുകൾ സാക്ഷിയായി.

ആദ്യമണിക്കൂർ

പി.കെ.ശ്രീമതിയുടെയും കുമ്മനത്തിന്റെയും മുന്നേറ്റം കണ്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ലീഡെടുത്തു. കണ്ണൂരിലും തൃശൂരിലും ലീഡ് മാറിമറിഞ്ഞു. അരമണിക്കൂറിൽ ചാലക്കുടിയിലെ ബെന്നിബെഹനാൻ ആയിരം ലീഡുനേടി. പത്തനംതിട്ടയിൽ ആന്റോആന്റണിയും ആലപ്പുഴയിൽ ആരിഫും ലീഡെടുത്തു. സ്കോർബോർഡ് മാറിമറിഞ്ഞു. ആദ്യ മുക്കാൽ മണിക്കൂറിൽ ശശിതരൂർ 3000 ലീഡെടുത്തു. കെ.മുരളീധരൻ ഓടിമുന്നിലെത്താൻ 50 മിനിറ്റെടുത്തു. 8.55ന് അടൂർപ്രകാശ് മുന്നിലെത്തി. ആദ്യ പതിനായിരം ലീഡ് വയനാട്ടിൽ രാഹുൽഗാന്ധിക്കായിരുന്നു. കണ്ണൂരും കോട്ടയവും എൽ.ഡി.എഫ് ലീഡു ചെയ്‌തപ്പോൾ ആദ്യമണിക്കൂറിലെ സ്കോർബോർഡ് ഇങ്ങനെ 18-2

രണ്ടാംമണിക്കൂർ

സുനാമിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. എൽഡി.എഫ് കണ്ണൂരിൽ മാത്രം. ലീഡുനില 19-1. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിന്റെ മുന്നേറ്റത്തിലൂടെ എൽ.ഡി.എഫിനുണ്ടായ ആശ്വാസം ഏറെ നീണ്ടില്ല, കണ്ണൂരിൽ സുധാകരനും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും മുന്നിലെത്തി. സ്കോർ-18-1-1. അപ്പോഴേക്കും കുമ്മനത്തിന് തളർച്ചയായി, മൂന്നാംസ്ഥാനത്തേക്ക്.

ഒമ്പതേകാലിന് വയനാട്ടിൽ കാൽലക്ഷം ലീഡു നേടിയ രാഹുൽ അമേതിയിൽ രണ്ടാമതായി. കാസർകോട്ട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പിന്നീട്. സതീഷ്‌ചന്ദ്രനും ഉണ്ണിത്താനും മാറിമറിഞ്ഞ് മുന്നിലെത്തി. 9.23 ന് മാവേലിക്കരയിലെ ലീഡുപോയപ്പോൾ യു.ഡി.എഫ്-19, ബി.ജെ.പി-1 എന്ന സ്ഥിതിയായി. ഒന്നര മണിക്കൂറായപ്പോൾ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലായി. ട്വന്റി-20. പിന്നാലെ രാജ്മോഹന് പതിനായിരം ലീഡായി. സ്കോർ 20- 0

മൂന്നാംമണിക്കൂർ

മുക്കാൽ മണിക്കൂർ 20- 0 സ്കോർ കേരളം ശ്വാസമടക്കി കണ്ടുനിന്നു. പിന്നീട് നേരിയ ലീഡുമായി ആരിഫ്. 10.05 ന് ലീഡുനില 19-1. തരൂർ 5000 ലീഡെടുത്തു. കെ.മുരളീധരനും എൻ.കെ.പ്രേമചന്ദ്രനും ലീഡുയർത്തിക്കൊണ്ടിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കെ.സുധാകരൻ മുന്നേറിയപ്പോൾ സ്വന്തം മണ്ഡലമായ കോഴിക്കോട് നോർത്തിൽ പ്രദീപ്കുമാർ കാൽലക്ഷത്തിനു പിന്നിലായിപ്പോയി. 10.45 ന് രാഹുൽ ഒരുലക്ഷത്തിന് മുന്നേറിയപ്പോൾ അമേതിയിൽ ഇരുപതിനായിരത്തിന് പിന്നിൽ. ഉണ്ണിത്താനും സതീഷ്‌ചന്ദ്രനും മത്സരിച്ച് ലീഡെടുത്തു. 10.55 ന് ഷാനിമോൾ മുന്നേറി, സ്കോർ 19-1

നാലാംമണിക്കൂർ

11.06ന് ആരിഫ് ലീഡെടുത്തതോടെ സ്കോർ 18-2. പ്രേമചന്ദ്രൻ 40,000 ആയി ലീഡുയർത്തി. 11.10 ന് രാജ്മോഹൻ ലീഡ് തിരിച്ചുപിടിച്ചു സ്കോർ 19-1. ആലപ്പുഴയിലെയും കാസർകോട്ടെയും ഇഞ്ചോടിഞ്ച് പോരാട്ടം

സസ്‌പെൻസ് ത്രില്ലറായി. 11.15ന് കുഞ്ഞാലിക്കുട്ടി ഒരുലക്ഷവും രമ്യ അരലക്ഷവും ലീഡുയർത്തി. കാസർകോട്ട് ലീഡായതോടെ 18-2, ആലപ്പുഴയിൽ ഷാനിമോൾ മുന്നിലെത്തിയതോടെ 19-1, രാജ്മോഹൻ 1800 ലീ‌ഡെടുത്തതോടെ വീണ്ടും ട്വന്റി 20. ആറു മിനിറ്റിനു ശേഷം ആരിഫ് മുന്നിലെത്തി, സ്കോർ 19-1.

ഡീൻ കുര്യാക്കോസ് ലീഡ് ഒരുലക്ഷമാക്കി. കോഴിക്കോട്ട് ലീഡ് അരലക്ഷമായപ്പോൾ വികാരഭരിതനായി എം.കെ.രാഘവൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ. 11.48 ന് ഉണ്ണിത്താന്റെ ലീഡ് പതിനായിരം കടന്നതോടെ ഇന്ദിരാഭവനിൽ ആഹ്ലാദപ്രകടനങ്ങൾ. ആരിഫിന് 625 വോട്ടിന്റെ നേരിയ ലീഡായതോടെ സ്കോ‌ർ 19-1

അഞ്ചാംമണിക്കൂർ

പന്ത്രണ്ടരയ്ക്ക് ഇ.അഹമ്മദിന്റെ 1,94,739 ഭൂരിപക്ഷം മറികടന്ന് രാഹുൽ രണ്ടു ലക്ഷമെന്ന റെക്കാഡ് ലീഡിലെത്തി, അപ്പോൾ അമേതിയിൽ 5000 ന് പിന്നിൽ. 35 ശതമാനം വോട്ടെണ്ണിയപ്പോൾ ആരിഫിന്റെ ലീഡ് 2700. പന്ത്രണ്ടര കഴിഞ്ഞതോടെ രമ്യാ ഹരിദാസ് ഒരുലക്ഷം കടന്നു. രാജ്മോഹൻ ഉണ്ണിത്താൻ അപ്പോഴേക്കും കാസർകോട്ട് സുരക്ഷിത നിലയിലെത്തി. ആലപ്പുഴയിൽ സസ്‌പെൻസ് തുടർന്നു. ഡീൻ ഒന്നരലക്ഷവും ഹൈബി ഒരുലക്ഷവും ലീഡുയർത്തി,​ ഇ.ടിയും ലക്ഷംകടന്നു. 12.47ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തകർക്ക് മധുരം നൽകിയതോടെ യു.ഡി.എഫിന്റെ വിജയാഘോഷം തുടങ്ങി.

ആറാംമണിക്കൂർ

സുനാമിത്തിരകൾ പോലുള്ള ജനവിധിയുടെ ചിത്രം തെളിഞ്ഞുവന്നു. ആറ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലീഡ് ഒരുലക്ഷം പിന്നിട്ടു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിന് മുന്നിലെത്തി. എൽ.ഡി.എഫ് മുന്നേറ്റം ആലപ്പുഴയിൽ മാത്രമായി. പുതിയ റെക്കാഡിട്ട് രാഹുൽ വയനാട്ടിലെ കുതിപ്പു തുടർന്നു. സ്ഥാനാർത്ഥികൾ കാമറയ്ക്ക് മുന്നിലെത്തി ആഹ്ലാദം പങ്കുവച്ചു. തോറ്റവർ മുഖത്ത് ചിരിവരുത്തി, എല്ലാം പാർട്ടി പരിശോധിക്കുമെന്ന് ആവർത്തിച്ചു. കണക്കുകൂട്ടലുകളെല്ലാം തിരുത്തിയെഴുതിയും എഴുതിത്തള്ളിയവരെ കിരീടംചൂടിച്ചും ആവേശഭരിതമായൊരു സസ്‌പെൻസ് ത്രില്ലർ സിനിമപോലെ ആറുമണിക്കൂർ നീണ്ട വോട്ടെണ്ണൽ.