mamata-banarjee-

ന്യൂഡൽഹി: 34 വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2011ൽ പശ്ചിമബംഗാളിൽ ഭരണം പിടിച്ചെടുത്ത മമതാ ബാനർജിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ ലഭിച്ചത്. കൂടുതൽ സീറ്ര് നേടിയെങ്കിലും പശ്ചിമബംഗാളിലെ മമതയുടെ ആധിപത്യത്തിനുള്ള വെല്ലുവിളി കൂടിയാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസും യു.പി.എയും മാേദിയെ വിമർശിക്കുന്നതിനേക്കാൾ ശക്തമായ ഭാഷയിലാണ് മമത പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വിമർശിച്ചിരുന്നത്. ഒരു വേള , പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള സാദ്ധ്യതയും എല്ലാവരും മമതയ്ക്ക് കല്പിച്ചിരുന്നു.

നാക്കുകൊണ്ട് എതിർക്കുന്നത് കൂടാതെ കൈക്കരുത്തുകൊണ്ടും ബി.ജെ.പിയെ വെല്ലുവിളിക്കാൻ മമത മുന്നിട്ടിറങ്ങി. സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി നിഷേധിക്കാൻ വരെ അ
വർ തയ്യാറായി. ശാരദാ ചിട്ടി ഫണ്ട് കേസിൽ കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ദേശീയ തലത്തിൽ പിന്തുണ തേടാൻ മമത സത്യഗ്രഹവും നടത്തി.

ബംഗാളിൽ സംസ്ഥാന ഭരണം ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തകരെ മമത അടിച്ചമർത്തുന്നു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. രാമനവമി ആഘോഷങ്ങൾ തടഞ്ഞതും പ്രകോപനമായി. ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി റാലികളിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്രറിന് അനുവാദം നൽകാഞ്ഞതും വിവാദമായിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വരെ ഹെലികോപ്റ്രർ അനുമതി നിഷേധിച്ചു. ഇതോടെ പല നേതാക്കളും സമീപ സംസ്ഥാനങ്ങളിൽ വിമാനമിറങ്ങി ദീർഘദുരം റോഡ് മാർഗം സഞ്ചരിച്ചാണ് പൊതുയോഗങ്ങളിൽ പങ്കെടുക്കാനെത്തിയത്. ഏറ്രവുമൊടുവിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത യോഗത്തിൽ വരെ അക്രമമുണ്ടായി.

അതേ സമയം മമതയ്ക്കെതിരായ ശക്തിയായി ബംഗാളിൽ ബി.ജെ.പി വളർന്നതോടെ ഇടതുമുന്നണിക്കും കോൺഗ്രസിനും കാലിടറുന്നതാണ് കണ്ടത്. എട്ട് വർഷം മുമ്പ് ബംഗാളിൽ നിന്ന് പുറത്തായ ഇടതുപക്ഷത്തിന് തിരിച്ചുവരവിനുള്ള ഒരു ലക്ഷണവും കാണിക്കാനാകുന്നില്ല.രണ്ടുവർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം പിടിച്ചെടുക്കാനാകും ബി.ജെ.പിയുടെ ശ്രമം.