നെയ്യാറ്റിൻകര: സമീപത്തെ മറ്റ് ജംഗ്ഷനുകൾ മുന്നോട്ട് കുതിക്കുമ്പോഴും വികസനകാര്യത്തിൽ പിന്നോട്ട് സഞ്ചരിക്കുകയാണ് അവണാകുഴി. വെയിറ്റിംഗ് ഷെഡ്, തെരുവുവിളക്കുകൾ, ഹൈമാസ്റ്റ് ലൈറ്റ്, വാണിജ്യസമുച്ചയങ്ങൾ, പൊതുചന്തയിലെ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ തുടങ്ങിയവയിൽ എല്ലാം അവണാകുഴി പിന്നാക്കാവസ്ഥയിലാണ്. തലസ്ഥാന നഗരിയിലേക്കോ നെയ്യാറ്റിൻകരയിലേക്കോ പോകണമെങ്കിൽ അവണാകുഴിക്കാർക്ക് മണിക്കൂറുകളോളം ബസ് കാത്ത് മഴയും വെയിലുമേറ്റ് നിൽക്കണം. കോട്ടുകാൽ - അതിയന്നൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ഇരു പഞ്ചായത്തുകളും വികസന പ്രവർത്തനത്തിനായി ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിക്കുമ്പോൾ ആദ്യം തഴയുന്നത് അവണാകുഴിയെയാണെന്ന് ആക്ഷേപമുണ്ട്. സമീപ ജംഗ്ഷനുകളായ ബാലരാമപുരവും നെല്ലിമൂടുമൊക്കെ വികസിതമാകുമ്പോൾ അവണാകുഴിയോട് അയിത്തം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ജംഗ്ഷനിലെ കൂരിരുട്ട് മാറ്റാനായി ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും മിഴിയടച്ചിട്ട് ഒന്നര വർഷത്തോളമായി. ലൈറ്റ് സ്ഥാപിച്ച കമ്പനിയുമായി അറ്റകുറ്റപ്പണി ചെയ്യാനുള്ള കരാർ ഉണ്ടെങ്കിലും കേടായ വിവരം യഥാസമയം കമ്പനി അധികൃതരെ അറിയിക്കാത്തതാണ് ലൈറ്റ് പ്രകാശിക്കാത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കോട്ടുകാൽ - അതിയന്നൂർ പഞ്ചായത്ത് അധികൃതരാണ് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടത്. അവരാകട്ടെ തിരിഞ്ഞ് നോക്കുന്നുമില്ല. സമീപ ജംഗ്ഷനായ നെല്ലിമൂട്ടിൽ വലിയ ഷോപ്പിംഗ് കോംപ്ലക്സ് പണിതിട്ടുണ്ടെങ്കിലും അവണാകുഴിക്കാർക്ക് അത്തരമൊരു വാണിജ്യസമുച്ചയം സ്വപ്നം മാത്രമാണ്. ജംഗ്ഷന് സമീപമുള്ള പൊതുചന്തയിലാകട്ടെ കച്ചവടക്കാർക്ക് യാതൊരു വിധ സൗകര്യവുമൊരുക്കിയിട്ടില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഇവിടെ ഒരു പബ്ലിക് ടോയ്ലെറ്റു പോലുമില്ല. ചന്തയും പരിസരവും വൃത്തിഹീനമായത് കാരണം ഇവിടെയും താന്നിമൂട് ജംഗ്ഷനിലും പന്നിയെലികൾ പെറ്റു പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പന്നിയെലി കാരണം രാത്രി കാലങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഇതു പകർച്ചവ്യാധിക്ക് കാരണമാകുന്നു. എലികളെ നശിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വെയിറ്റിംഗ് ഷെഡ്ഡില്ല
മഴയായാലും വെയിലായാലും ബസ് കാത്തുനില്കുന്നവർക്ക് കടവരാന്തയാണ് ആശ്രയം. തലസ്ഥാനത്തേക്ക് പോകുന്ന യാത്രക്കാർക്കാണെങ്കിൽ കയറി നിൽക്കാൻ അത് പോലുമില്ല. പൊരിവെയിലത്ത് റോഡരികിൽ തന്നെ ബസ് കാത്തു നിൽക്കണം. അവണാകുഴിയിൽ ഒരു ബസ് സ്റ്റോപ്പ് വേണമെന്നത് നാട്ടുകാരുടെ അരനൂറ്റാണ്ട് കാലത്തെ ആവശ്യമാണ്.