election-2019

തിരുവനന്തപുരം:ദേശീയതലത്തിൽ ആശ്വസിക്കാൻ വകയില്ലെങ്കിലും കേരളത്തിൽ ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അഭിമാനിക്കാം. അദ്ധ്യക്ഷപദവിയിൽ ഏഴു മാസം തികയ്‌ക്കുമ്പോഴാണ് തിളക്കമാർന്ന ഈ നേട്ടം.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ വയനാട്ടിൽ സ്ഥാനാർത്ഥിയായി കൊണ്ടുവരുന്നതിൽ വിജയിച്ചതിനൊപ്പം രാഹുലിന്റെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിനു മേൽ എത്തിയത് നേതൃത്വത്തിന്റെ സംഘടനാ മികവിലാണെന്നാണ് വിലയിരുത്തൽ. വയനാട്ടിൽ കേന്ദ്രീകരിച്ചു നിന്ന മുല്ലപ്പള്ളി രാമചന്ദ്രന് അതിലുള്ള പങ്ക് കുറച്ചു കാണാനാവില്ല. രാഹുൽ ഇഫക്‌ട് കേരളത്തിലാകെ അലയടിച്ചു.

പ്രചാരണകാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെയും ഏറിയും കുറഞ്ഞും പരാതികളുയർന്നപ്പോഴെല്ലാം കർക്കശമായി ഇടപെട്ട് മുല്ലപ്പള്ളി നേരിട്ടിറങ്ങി. കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെതിരെ തുടക്കത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കലാപമുയർന്നപ്പോൾ നേരിട്ടു പോയി പ്രശ്‌നം പരിഹരിച്ചു. തിരുവനന്തപുരത്ത് ശശി തരൂർ പരാതി ഉയർത്തിയപ്പോഴും മുല്ലപ്പള്ളിയുടെ ഉറച്ച നിലപാടാണ് പരിഹാരത്തിന് വഴിയൊരുക്കിയത്. വിരട്ടേണ്ടിടത് വിരട്ടിയും അനുനയം വേണ്ടിടത്ത് അങ്ങനെയും നീങ്ങി.

മുല്ലപ്പള്ളി അദ്ധ്യക്ഷനായ ശേഷമാണ് താഴേത്തട്ടിൽ തകർന്നടിഞ്ഞുകിടന്ന കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള ഇടപെടലുണ്ടായത്. എന്റെ ബൂത്ത്, എന്റെ അഭിമാനം പദ്ധതിയിലൂടെ ബൂത്ത്തല സംവിധാനങ്ങൾ ഒരു പരിധിവരെ സജ്ജമാക്കി. അവരെ ഉണർത്താനായി രാഹുൽഗാന്ധിയെ കൊച്ചിയിൽ എത്തിച്ചു. ജനമഹായാത്രയിലൂടെയും സംഘടനയെ ഉണർത്തി. സ്ഥാനാർത്ഥി നിർണ്ണയം കുറ്റമറ്റതാക്കിയതിലും മുല്ലപ്പള്ളിയുടെ ഇടപെടലുണ്ടായിരുന്നു. വടകരയിൽ കെ. മുരളീധരനെ മത്സരിപ്പിക്കുന്നതിലടക്കം അത് പ്രതിഫലിച്ചു.