തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് പാർലമെന്റിലേക്കു മത്സരിച്ച മൂന്ന് യു..ഡി..എഫ് എം.എൽ.എമാരും ആറ് എൽ..ഡി.എഫ് എം.എൽ..എമാരിൽ ഒരാളും വിജയം കണ്ടു. ഇതിലൂടെ ഒഴിവുവരുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം സീറ്രുകളും സിറ്രിംഗ് എം.എൽ.എമാരായിരുന്ന കെ.എം..മാണിയുടെയും പി.ബി.അബ്ദുൾ റസാഖിന്റെയും നിര്യാണം മൂലം ഒഴിഞ്ഞു കിടക്കുന്ന പാലാ, മഞ്ചേശ്വരം സീറ്റുകളും ഉൾപ്പെടെ
ആറ് നിയമസഭാ സീറ്രുകൾ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പിന് വേദിയാവും. ഇതിൽ അരൂർ ഒഴികെ അഞ്ചും യു.ഡി.എഫ് സിറ്രിംഗ് സീറ്റുകളാണ്.
കെ..മുരളീധരൻ (വട്ടിയൂർക്കാവ് ) വടകരയിലും അടൂർ പ്രകാശ് (കോന്നി) ആറ്റിങ്ങലിലും എ.എം.ആരിഫ് (അരൂർ) ആലപ്പുഴയിലും ഹൈബി ഈഡൻ (എറണാകുളം) എറണാകുളത്തും നിന്ന് ജയിച്ച് എം.പിമാർ ആകുന്ന സ്ഥിതിക്ക് നിയമസഭാംഗത്വം ഒഴിയും. പാലാ എം.എൽ.എ ആയിരുന്ന കെ.എം.മാണി കഴിഞ്ഞ ഏപ്രിൽ ഒമ്പതിനും, മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി. അബ്ദുൾ റസാഖ് കഴിഞ്ഞ ഒക്ടോബർ 20 നും നിര്യാതരായി. നിയമസഭാ സീറ്റിൽ ഒഴിവുവന്നാൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. അബ്ദുൾ റസാഖ് നിര്യാതനായിട്ട് ആറുമാസം പിന്നിട്ടെങ്കിലും അവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പു ഹർജി പിൻവലിച്ചത് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷമാണ്. പിന്നാലെയാണ് ,മഞ്ചേശ്വരം സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിച്ചത്.
എൽ.ഡി.എഫ് എം.എൽ.എമാരായ സി.ദിവാകരൻ (നെടുമങ്ങാട്) തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാർ (അടൂർ) മാവേലിക്കരയിലും വീണാ ജോർജ് (ആറന്മുള) പത്തനംതിട്ടയിലും പി.വി.അൻവർ (നിലമ്പൂർ) പൊന്നാനിയിലും നിന്ന് പാർലമെന്റിലേക്ക് അങ്കം കുറിച്ചെങ്കിലും വിജയം കണ്ടില്ല.
ആറ് നിയമസഭാ സീറ്റുകളിൽ കൈയിലുള്ള അഞ്ചെണ്ണവും നിലനിറുത്തുകയും എൽ.ഡി.എഫിൽ നിന്ന് ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്യുക യു.ഡി.എഫിനും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ കൈയിലുള്ളത് കാക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുക എൽ.ഡി.എഫിനും, കുമ്മനം ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിലൂടെയെങ്കിലും വീണ്ടും നിയമസഭയിൽ താമര വിരിയിക്കുക ബി.ജെ.പിക്കും അഭിമാന പോരാട്ടമാകും. വിശേഷിച്ച്, അടുത്ത 18 മാസത്തിനകം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടു വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ.
വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ കോൺഗ്രസിലെ കെ.മുരളീധരൻ 7622 വോട്ടിനാണ് ബി.ജെ.പിയിലെ കുമ്മനം രാജശേഖരനെ തോൽപ്പിച്ചത്.ഇവിടെ മുരളീധരന്റേത് തുടർച്ചയായ രണ്ടാം വിജയമായിരുന്നു.. സി.പി.എമ്മിലെ ടി.എൻ.സീമ മൂന്നാം സ്ഥാനത്തായി.
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കോന്നിയിൽ നിന്ന് 2016 ൽ തുടർച്ചയായ അഞ്ചാം തവണയാണ് അടൂർ പ്രകാശ് നിയമസഭയിലെത്തിയത്.20,748 വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ ആർ.സനൽകുമാറായിരുന്നു മുഖ്യ എതിരാളി. സി.പി.എം കോട്ടയായ അരൂരിൽ കഴിഞ്ഞ തവണ ഹാട്രിക് വിജയം നേടിയ എ.എം.ആരിഫ് കോൺഗ്രസിലെ സി.ആർ.ജയപ്രകാശിനെ തോൽപ്പിച്ചത് 38,519 വോട്ടിന്റെ വൻ മാർജിനിലാണ്. പക്ഷേ, പാർലമെന്റിലേക്കു വിജയിച്ച ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരിൽ ഒന്നാമതെത്തിയത് കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനാണ്..ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ഘടകമാണ് ഇത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് കഴിഞ്ഞ തവണ കോൺഗ്രസിലെ ഹൈബി ഈഡൻ 21,947 വോട്ടിനാണ് സി..പി..എമ്മിലെ എം.അനിൽകുമാറിനെ തോൽപ്പിച്ചത്..
യു.ഡി.എഫിന്റെ കുത്തക സീറ്റായ പാലായിൽ കഴിഞ്ഞ തവണ കെ.എം..മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു. എൻ.സി.പിയിലെ മാണി സി. കാപ്പനായിരുന്നു മുഖ്യ എതിരാളി..അതേസമയം, മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് മുസ്ലിംലീഗിലെ പി.ബി. അബ്ദുൾ റസാഖിനോട് ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ അടിയറവു പറഞ്ഞത്.