pinarayi

തിരുവനന്തപുരം: തുടക്കം മുതൽ ഒടുക്കം വരെ നിരാശ. ഒടുവിൽ ഒരു ദീർഘനിശ്വാസം! സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ എത്തി തിരഞ്ഞെടുപ്പ് ഫലം ടി.വി ചാനലിലൂടെ കണ്ടവർ അസ്വസ്ഥരായി. അത്‌ മറച്ചുവയ്ക്കാൻ അവർ നന്നേ പണിപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തോടെ എ.കെ.ജി സെന്ററിലെത്തി, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവരുമായി സംസാരിച്ചു. വോട്ടെണ്ണലിന്റെ ട്രെൻഡ് മനസിലാക്കിശേഷം അദ്ദേഹം തിരിച്ചുപോയി.

രണ്ടാമത്തെ നിലയിലെ സ്വീകരണ മുറിയിൽ രാവിലെ 8.30ന് മറ്റ് പ്രവർത്തകർക്കൊപ്പം ടി.വി ചാനലിലെ ലീഡ് നില കാണാൻ വിജയരാഘവനും ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് മുകളിലേക്കു പോയ അദ്ദേഹം തിരിച്ചുവന്നത് 9ന്. അപ്പോൾ പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠന്റെ ലീഡ് 15,864 ആയിരുന്നു. ആലപ്പുഴയിലും മാവേലിക്കരയിലും എൽ.ഡി.എഫ് ലീഡ് ചെയ്യുന്നുവെന്ന് കൈരളി ചാനൽ വാർത്ത കേട്ട് വിജയരാഘവൻ ഒരു കസേര പിടിച്ചിട്ട് ടി.വിക്കു മുന്നിൽ പ്രതീക്ഷയോടെ ഇരുന്നു. തൊട്ടടുത്ത വാർത്ത കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ 788 വോട്ടിന് ലീഡു ചെയ്യുന്നു എന്നായിരുന്നു. 'പത്ത് ശതമാനം വോട്ട് മാത്രമെ എണ്ണിയുള്ളൂ' എന്ന് ചാനൽ അവതാരകൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുമുണ്ട്. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നേറുന്നു എന്ന വാർത്ത വന്നു. വിജയരാഘവൻ സീറ്റ് വിട്ട് എണീറ്റു.

കുറച്ചുകഴിഞ്ഞ് സംസ്ഥാന സമിതി അംഗം സി.എസ്. സുജാത എത്തി. പടിക്കെട്ട് കയറി വന്നപ്പോൾ കണ്ടത് ഗൗരവത്തോടെ നിൽക്കുന്ന വിജയരാഘവനെ. എന്തോ സംസാരിച്ചശേഷം നേരെ ടി.വി സ്ക്രീനിലേക്കു നോക്കി. ഇപ്പോൾ 20 സീറ്റിലും യു.ഡി.എഫ് ലീഡ് ചെയ്യുന്നുണ്ട് എന്ന് കേട്ട്‌ അറിയാതെ താടിക്ക് കൈ കൊടുത്തുപോയി സുജാത. ടി.വി കാണുന്നവരുടെ ഏറ്റവും മുന്നിൽ പോയി ഇരുന്നു. 'കേരളത്തിൽ യു.ഡി.എഫിന്റെ സമഗ്രാധിപത്യം, കേന്ദ്രത്തിൽ എൻ.ഡി.എ ആധിപത്യം' പാർട്ടി ചാനലിലെ ജോൺബ്രിട്ടാസിന്റെ വാക്കുകൾ കേട്ട് സുജാത എണീറ്റ് മുകളിലോട്ടു പോയി.

പത്തരയോടെ എത്തിയ മന്ത്രി ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായി. കേരളത്തിൽ 'മതപരമായ ധ്രുവീകരണം ഉണ്ടായി. അത് കോൺഗ്രസിന് അനുകൂലമായി. ഇത് സംസ്ഥാന സർക്കാരിന് എതിരായ വിധിയെഴുത്തല്ല. കോൺഗ്രസിന് ദേശീയതലത്തിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്'- ഇ.പി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ എന്നിവർ എത്തിയെങ്കിലും പിണറായി വിജയനെ പോലെ താഴത്തെ നിലയിൽ നിന്നു ലിഫ്റ്റ് വഴി നേരെ മുകളിലേക്കു പോയശേഷം അതുവഴിതന്നെ മടങ്ങുകയായിരുന്നു.

പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചതോടെ ടി.വിക്കു മുന്നിലിരുന്ന പ്രവർത്തകർ ഓരോരുത്തരായി എഴുന്നേറ്റുപോയി. വൈകിട്ടു മൂന്നോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി.