കാട്ടാക്കട: അറുപത് പിന്നിട്ടിട്ടും അരവിന്ദാക്ഷൻ മാസ്റ്റർക്ക് കരാട്ടെ ഇന്നും ജീവിതചര്യയാണ്. അതുകൊണ്ടാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ പുതുതലമുറയ്ക്ക് കരാട്ടെ അഭ്യാസം പകർന്ന് ഗ്രാമീണ മേഖലയിൽ അദ്ദേഹം സജീവ സാന്നിദ്ധ്യമാകുന്നത്. ആയോധനകലയിൽ നാലു പതിറ്റാണ്ടു പിന്നിടുകയാണ് കള്ളിക്കാട് മൈലക്കര ശിവഗംഗയിൽ ശിഹാൻ അരവിന്ദാക്ഷൻ. ദിവസവും രാവിലെ ശിഷ്യരുമായി പരിശീലനം തുടങ്ങും. ചെറുമക്കളായ അർണവും ആരവ്യയും ഒപ്പം പുതുതലമുറയിൽ ദേശീയ തലത്തിൽ ശ്രദ്ധേയനായ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാക്കളായ അഹമ്മദ് യാസിൻ, സഹോദരി സിതാര, സഹോദരൻ അഹമ്മദ് യാസർ ഇവരുടെ പിതാവും ബ്ലാക്ക് ബെൽറ്റ് ജേതാവുമായ എൻ.ഐ.ഹസൻ എന്നിവരുൾപ്പെടെ അൻപതോളം പേർ പതിവ് പരിശീലനത്തിൽ പങ്കെടുക്കും. അരവിന്ദൻ മാസ്റ്റർ ചെറുപ്പത്തിൽ തന്നെ ആയോധനകലകളിൽ ആകൃഷ്ടനായി കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ എത്തിയതോടെ അഭ്യാസം കരാട്ടെയിലേക്ക് വഴിമാറി. 1973 ൽ സെൻസായി സുബ്രഹ്മണ്യം മാസ്റ്ററുടെ കീഴിൽ ഗോജു റിയു പരിശീലനവും സെൻസായി കാവേരി മോഹനൻ മാസ്റ്ററുടെ കീഴിൽ കാജു കാടോ പരിശീലനവും നടത്തി. റെൻഷി ശ്രീനിവാസന്റെ കീഴിൽ ഒക്കിനവോ മാർഷ്യൽ ആർട്‌സ് അക്കാഡമിയിൽ നിന്നു 1980 ൽ ആദ്യ ബ്ലാക്ക് ബെൽറ്റ് നേടി. പിൽക്കാലത്ത് വേൾഡ് കരാട്ടെ ഫെഡറേഷനിൽ നിന്നും 7 ഡിഗ്രി ബ്ലാക്ക് ബെൽറ്റ്, സെയ്ക്കോ കായിൽ നിന്നും 8 ഡിഗ്രി ബ്ലാക്ക് ബെൽറ്റ്, കരാട്ടെ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ 8 ഡിഗ്രി എന്നീ നേട്ടങ്ങളും സ്വന്തമാക്കി. ഇതോടൊപ്പം 1985 ൽ കോ ഇൻ ചി അക്കാഡമി ഒഫ് മാർഷ്യൽ ആർട്‌സ് ഒക്കിനാവ എന്ന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. പൊലീസ്, എൻ.സി.സി, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർക്ക് ഇപ്പോഴും പരിശീലനം നൽകുന്നുണ്ട് ഇദ്ദേഹം. 2012 ൽ ഷിറ്റോ റിയു സെയ്ക്കോ കരാട്ടെയിൽ അംഗത്വം നേടുകയും അതിന്റെ പരിശീലകനാകുകയും ചെയ്തു.
ആയോധന കല പരിശീലനം ശരീരത്തിന് സ്വയരക്ഷ ഒരുക്കുന്നതിനൊപ്പം നിത്യ പരിശീലനം നടത്തിയാൽ ജീവിതത്തിലെ പിരിമുറുക്കങ്ങൾ കുറച്ച് മനസിന് ശാന്തതയും ക്ഷമാശീലവും വർദ്ധിപ്പിക്കുമെന്നും അരവിന്ദാക്ഷൻ മാസ്റ്റർ പറയുന്നു. മക്കളായ തുഷാരയും നിഷാരയും കരാട്ടെ അഭ്യാസികളാണ്. ഭാര്യ ജയശ്രീയുടെ പൂർണ പിന്തുണയാണ് ഇക്കാലയളവിൽ അനേകം പേർക്ക് പരിശീലനം നൽകാൻ കാരണമായതെന്നും മാസ്റ്റർ പറയുന്നു. പരേതനായ പി. ശിവരാമപിള്ളയുടെയും തങ്കമ്മപിള്ളയുടെയും മകനാണ്.