election-2019

തിരുവനന്തപുരം: കേന്ദ്രത്തിൽ ബി.ജെ.പി ഭരണം അവസാനിപ്പിക്കണം എന്നതിലൂന്നിയുള്ള എൽ.ഡി.എഫിന്റെ പ്രചാരണം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായി മാറിയെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബി.ജെ.പി ഭരണം പോകണമെന്ന് ചിന്തിക്കുന്ന കുറേയധികം വോട്ടർമാർ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തുവെന്നാണ് പ്രത്യക്ഷത്തിൽ കാണുന്നത്. പരാജയത്തിലേക്കു നയിച്ചതിന്റെ മറ്റ് വിശദാംശങ്ങൾ പാർലമെന്റ് മണ്ഡലം, അസംബ്ലി മണ്ഡലം, ബൂത്ത് അടിസ്ഥാനങ്ങളിൽ ലഭ്യമാകുന്ന കണക്കുകൾ വിലയിരുത്തിയാലേ വ്യക്തമാകൂ. ശബരിമല പോലുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിച്ചുവെന്ന് വിശദമായി പാർട്ടി പരിശോധിക്കും- കോടിയേരി വാർത്താലേഖകരോടു പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ പരാജയമാണുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ തിരുത്താനാവശ്യമായ നടപടികൾ പാർട്ടിയും മുന്നണിയും സ്വീകരിക്കും. സംഘടനാപരമായ പ്രശ്‌നങ്ങൾ ഇത്തവണ എവിടെയുമുണ്ടായിട്ടില്ല. എന്നാൽ തരംഗം വരുമ്പോൾ മറ്റു പ്രശ്‌നങ്ങളെല്ലാം അപ്രസക്തമാവും. 2004ൽ ഇടതുമുന്നണിക്ക് അനുകൂലമായി സംഭവിച്ചതു പോലുള്ള തരംഗമാണ് ഇക്കുറി യു.ഡി.എഫിനുണ്ടായത്. ന്യൂനപക്ഷവിഭാഗങ്ങളെ ഗണ്യമായി സ്വാധീനിക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ തുണച്ചത് പല മണ്ഡലങ്ങളിലും അവർക്ക് വലിയ നേട്ടമായി.

ഇത് താൽക്കാലികം മാത്രമാണ്. മുമ്പും ഇത്തരം പരാജയങ്ങളുണ്ടായിട്ടുണ്ട്. അതിനെ അതിജീവിക്കാനാവും. 1977ൽ ഒരു പാർലമെന്റ് സീറ്റും കിട്ടാതിരുന്നിട്ട് 79-ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നപ്പോൾ നമുക്ക് നേട്ടമുണ്ടായി. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടായി. 1984-ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയമായിരുന്നു. 87ൽ വീണ്ടും മാറി. ഇപ്പോഴത്തെ പരാജയത്തിന്റെ ആഴം വലുതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള പരിശോധന ഉണ്ടാവും.

സംസ്ഥാനഭരണം ഇതിൽ മുഖ്യസ്വാധീനമായിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ശബരിമല വിഷയം കൈകാര്യം ചെയ്‌തതിൽ വീഴ്‌ചയുണ്ടായോ എന്ന ചോദ്യത്തിന്, പരാജയം സംഭവിച്ചാൽ പലതും വ്യാഖ്യാനിച്ച് പറയുന്നുവെന്നല്ലാതെ അതൊന്നും ഘടകമല്ലെന്ന് മറുപടി നൽകി. ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയവും സന്തോഷം നൽകുന്നതല്ല. മതേതര ശക്തികൾക്കുണ്ടായ തിരിച്ചടിയിൽ ദു:ഖിക്കുന്നു. ഇടത്, മതേതര ശക്തികൾക്ക് ഒട്ടും അഭിമാനിക്കാൻ വക നൽകുന്നതല്ല തിരഞ്ഞെടുപ്പ്ഫലം. രാജ്യം മഹാദുരന്തത്തിലേക്കു പോകുമ്പോൾ അതിനെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ എല്ലാ കക്ഷികളും പരിശോധിക്കണം.

ബി.ജെ.പി രാഷ്ട്രീയത്തെ കേരളം അംഗീകരിക്കുന്നില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാൻ ആർ.എസ്.എസിന് സാധിച്ചിട്ടില്ല. അത് മതനിരപേക്ഷകക്ഷികൾക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും കോടിയേരി പറഞ്ഞു.