അണലി പാമ്പുകളെ കാണാത്തവരുണ്ടാവില്ല. എന്നാൽ, ഈയിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയ അണലി വർഗത്തിലെ പുതിയ പാമ്പിനെ കണ്ടപ്പോൾ ഇത് അണലിയാണോ എന്നുവരെ പലരും സംശയിച്ചു. രണ്ട് നിറമാണ് ഈ സംശയത്തിന് കാരണം. തലയ്ക്ക് കടുംചുവപ്പ്, ഉടലിന് തവിട്ട് നിറം. ഒടുവിൽ ഉറപ്പിച്ചു, അത് അണലിതന്നെ. വിഷം കൂടുതലുള്ള ഇതിന് ചൂടിനെ തിരിച്ചറിയാൻ കഴിയും. പുതിയതായി കണ്ടെത്തിയ ഇതിന്റെ ഭക്ഷണത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല. ലോകത്തിൽതന്നെ അപൂർവമായി കാണപ്പെടുന്ന ഇനമാണിത്. നാല് വിഭാഗത്തിൽപ്പെട്ട അണലികൾ മാത്രമേ ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളൂ.