തിരുവനന്തപുരം: തുടക്കത്തിൽ മൗനം, പിന്നെ ചെറിയ ഉത്സാഹം, ഉച്ചയായതോടെ ആഹ്ലാദത്തിന്റെ പെരുമഴ. ഒടുവിൽ ആകെയൊരു വിസ്മയപൂരം. വോട്ടെണ്ണലിന്റെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമെന്ന സൂചന കിട്ടിയെങ്കിലും ഫലം എന്തായിത്തീരും എന്ന ആശങ്കയാണ് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇന്നലെ രാവിലെ നിഴലിച്ചത്.
സാധാരണ വോട്ടെണ്ണൽ ദിവസങ്ങളിൽ കോൺഗ്രസ് ആസ്ഥാനത്ത് ഉണ്ടാവാറുള്ള പതിവ് മുഖങ്ങളൊന്നും ഇന്നലെ കണ്ടില്ല. കെ.പി.സി.സി പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും മുറികൾ ഒഴിഞ്ഞുകിടന്നു. പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിലായിരുന്നു. മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും തിരുവനന്തപുരത്തെ തങ്ങളുടെ വീടുകളിലും. കുറച്ചു പ്രവർത്തകർ മാത്രം ടി.വിക്കു മുന്നിൽ ആകാംക്ഷയോടെ ഇരുന്നു. ഇന്ദിരാഭവനു മുന്നിൽ ഫലങ്ങൾ പ്രദർശിപ്പിക്കാൻ വലിയ എൽ.ഇ.ഡി വാൾ സജ്ജമാക്കിയിരുന്നു. കുറച്ചുപേർ അതിനുമുന്നിലും ഒത്തുകൂടി. 9.40 ആയപ്പോൾ മുൻ എം.എൽ.എ പാലോട് രവി എത്തി. പ്രവർത്തകർക്കൊപ്പം മുറ്റത്തെ എൽ.ഇ.ഡി വാളിൽ കുറെ നേരം തിരഞ്ഞെടുപ്പ് ഫലങ്ങൾ വീക്ഷിച്ചു. ഇടയ്ക്ക് ശശി തരൂരിന്റെ ലീഡ് കുറയുകയും കുമ്മനം മുന്നിലെത്തുകയും ചെയ്തപ്പോൾ ഏവരുടെയും മുഖത്ത് ആശങ്ക നിഴലിച്ചു. കെ. മുരളീധരന്റെ ഭൂരിപക്ഷം കൂടിക്കൂടി വന്നപ്പോൾ ചിലർ കൈയടിച്ചു. 11 മണിയായപ്പോഴേക്കും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എത്തി. തൊട്ടുപിന്നാലെ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയും ശൂരനാട് രാജശേഖരനുമെത്തി. യു.ഡി.എഫ് മുന്നേറ്റത്തിന് പെരുക്കം വച്ചതോടെ ഇന്ദിരാഭവൻ അങ്കണത്തിൽ ആൾക്കൂട്ടം വലുതായിക്കൊണ്ടിരുന്നു.
തിരുവനന്തപുരം മണ്ഡലത്തിൽ മുൻതൂക്കം ഇടയ്ക്കിടെ മാറിമറിഞ്ഞത് അല്പം അസ്വസ്ഥത പടർത്തി. പക്ഷേ, ആറ്രിങ്ങൽ മണ്ഡലത്തിലെ ഒരേ കണക്കിനുള്ള മുന്നേറ്രവും മറ്റു മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കുതിച്ചുകയറ്റവും കണ്ടതോടെ ആവേശം മെല്ലെ ഉയർന്നു. വലിയ പാർട്ടിപതാകകൾ ഉയർത്തി വീശി ചിലർ ആഹ്ളാദം പ്രകടിപ്പിച്ചു. ഇതിനിടെ അമേതിയിൽ രാഹുൽ ഗാന്ധിയുടെ നില പരുങ്ങലിലായതിന്റെ റിപ്പോർട്ടുകൾ വന്നത് അല്പം മ്ളാനതയ്ക്കിടയാക്കി.
'ട്വന്റി 20' ആഹ്ലാദം
ഉച്ച കഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം അടിമുടി മാറി. 'ട്വന്റി 20' യെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ അവകാശവാദം ശരിവയ്ക്കും വിധം എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ എത്തിയതോടെ ഇന്ദിരാഭവൻ തിങ്ങിനിറഞ്ഞു. അതിനിടെ ആലപ്പുഴ കൈവിടുന്ന നിലവന്നു. മൂന്ന് മണിക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കാറിൽ വന്നിറങ്ങിയതോടെ പ്രവർത്തകരുടെ ആഹ്ലാദം അണപൊട്ടി. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അവർ നേതാവിനെ വരവേറ്റത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നാലെ എത്തി. തിരക്കിൽ ഏറെ പണിപ്പെട്ടാണ് ചെന്നിത്തല ഇന്ദിരാഭവനിലേക്ക് കടന്നത്. ആറ്റിങ്ങലിലെ അട്ടിമറി വിജയത്തിന്റെ അത്യാഹ്ളാദമൊന്നും കാട്ടാതെയായിരുന്നു അടൂർ പ്രകാശിന്റെ വരവ്. ഉമ്മൻചാണ്ടി, എം.എൽ.എ മാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ തുടങ്ങിയവരും എത്തി. നേതാക്കൾ വാർത്താസമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോഴേക്കും പ്രവർത്തകരുടെ വൻ അകമ്പടിയിൽ ശശി തരൂരും എത്തി. ലഡുവും ജിലേബിയും വിതരണം ചെയ്താണ് സംസ്ഥാനത്ത് നേടിയ ചരിത്രവിജയത്തിന്റെ സന്തോഷം ഏവരും പങ്കിട്ടത്.