തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കമ്മിറ്റി ആഫീസായ എം.എൻ സ്‌മാരകത്തിൽ ഏറെ പ്രതീക്ഷയോടെയാണ് നേതാക്കൾ ചാനൽ വാർത്തകൾ വീക്ഷിച്ചുകൊണ്ടിരുന്നത്. ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളിൽ സംസ്ഥാനത്തെ അഞ്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു ലീഡ് ചെയ്തിരുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് പോരാട്ടം നടന്ന തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി ലീഡ് ചെയ്യുകയായിരുന്നു. പാർട്ടി ആഫീസിന്റെ സ്വീകരണ മുറിയിലെ ടെലിവിഷനിൽ ലീഡ് നില നോക്കിയിരിക്കുന്നതിനിടെ പാർട്ടി കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എണീറ്റ് നിന്ന് മുണ്ട് മുറുക്കിയുടുത്ത് ഇങ്ങനെ പറഞ്ഞു.'ശുഭ സൂചനയല്ലല്ലോ കാണുന്നത് ". കേട്ടിരുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു അതു ശരിവച്ചു. നമ്മുടെ മണ്ഡലങ്ങളുടെ വിവരങ്ങൾ ഒന്നും കാണുന്നില്ലല്ലോ - എന്നു പറഞ്ഞ് ടെലിവിഷനിലെ ചാനൽ ഓരോന്നും മാറ്റി നോക്കി. അല്പസമയം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി സി. ദിവാകരൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു മടങ്ങിയെത്തി. പോസ്റ്റൽ വോട്ടുകൾക്കൊപ്പം മെഷീനിലെ വോട്ടും എണ്ണിത്തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. നില മാറിവരുമായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. കുറച്ചുനേരം വാർത്തകൾ കണ്ടിരുന്നശേഷം പന്ന്യനെയും പ്രകാശ് ബാബുവിനെയും മാറ്റിനിറുത്തി രഹസ്യം പറഞ്ഞു. തുടർന്ന് എം.എൽ.എ ഹോസ്റ്റലിലേക്ക് പോകാനിറങ്ങി. ഇതിനിടെ തന്നെ കാണാനെത്തിയ ചാനൽ പ്രവർത്തകരോട് ദിവാകരൻ പ്രതികരിച്ചു. 'ഇവിടെ ക്രോസ് വോട്ട് നടന്നിട്ടില്ല, ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ട് കിട്ടും". തുടർന്ന് കാറിൽ എം.എൽ.എ ഹോസ്റ്റലിലേക്ക്. സാധാരണയായി നിറുത്താതെ ചിലയ്ക്കുന്ന ആഫീസിലെ ഫോൺ മൗനവ്രതത്തിലാണെന്ന് തോന്നി. ലീഡ് നിലകൾ മാറിമറിയുകയും വാർത്തകളൊന്നും പ്രതീക്ഷയ്ക്ക് വക നൽകാതാകുകയും ചെയ്തപ്പോൾ പ്രകാശ് ബാബു ചാനൽ മാറ്റി നോക്കി. സ്‌ക്രീനിൽ ജഗതി ശ്രീകുമാർ കള്ളുഷാപ്പിലിരുന്ന് കോമഡി പറയുന്ന സിനിമാ ക്ളിപ്പിംഗ് ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടു. 'ഇതൊക്കെ കണ്ടിരിക്കാം അതാകുമ്പോ ഒരല്പം സന്തോഷമുണ്ട് '- പ്രകാശ് ബാബു പറഞ്ഞു. ഇതിനിടെ ദേശീയ നേതാക്കളിൽ ഒരാൾ പ്രകാശ് ബാബുവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി. 19 - 1 ആണ് നിലവിലെ അവസ്ഥയെന്ന് മറുപടി നൽകി. ഈ സമയത്ത് കാറിലെത്തിയ കാനം രാജേന്ദ്രൻ അധികനേരം അവിടെ നിൽക്കാതെ ഓഫീസ് മുറിയിലേക്ക് കയറിപ്പോയി. കനയ്യകുമാ‌ർ ഏറെ പിറകിലാണെന്ന വാർത്തയും വന്നു. ഓഫീസിൽ എ.ഐ.വൈ.എഫ് നേതാക്കളും ഓഫീസ് ജീവനക്കാരും മാത്രം. എല്ലാവരുടെയും മുഖത്ത് മ്ളാനത. എങ്കിലും ഫലപ്രഖ്യാപനം പൂർത്തിയാകുന്നതു വരെ പ്രകാശ് ബാബു ടെലിവിഷന് മുന്നിൽതന്നെ ഇരുന്നു.