podiyil

മുടപുരം: വേനൽ മഴ കിട്ടാതായതോടെ കൃഷിയിറക്കാൻ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് മുടപുരത്തെ നെൽകർഷകർ.

ഞാറ്റുവേല ആരംഭിക്കുന്ന ജൂൺ 22 നെങ്കിലും ഞാറു നട്ടാൽ മാത്രമേ ഒക്ടോബറിൽ കൊയ്തെടുക്കാൻ കഴിയൂ. എന്നാൽ മാത്രമേ രണ്ടാം വിളയായി ഫെബ്രുവരി മാസത്തിൽ കൃഷിയിറക്കാൻ പറ്റുകയുള്ളു. അല്ലെങ്കിൽ കർഷകർക്ക് ലക്ഷ കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കും. കഴിഞ്ഞ വർഷവും കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. കൃഷിയിറക്കാനായി കൃഷി ഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച ഉമാ നെൽവിത്തുമായി മഴയെ കാത്തിരിക്കുകയാണ് കർഷകർ.

ഒരു മഴയെങ്കിലും ലഭിച്ചാൽ പാടം ഉഴുത് പാകപ്പെടുത്താമായിരുന്നുവെന്ന് കർഷകർ പറയുന്നു. നല്ല മഴ ലഭിച്ചാൽ നിലം ഉഴുത് വെള്ളത്തിൽ പാവാൻ കർഷകർക്ക് കഴിയും. പൊടിയിൽ പാവിയാൽ തന്നെ 25 ദിവസം കഴിഞ്ഞേ ഞാറു വലിച്ച് നടാൻ കഴിയു. വർഷങ്ങളായി കർഷകർ യഥാസമയം കൃഷിയിറക്കാൻ കഴിയാത്ത ദുരിതം അനുഭവിച്ചിട്ടും ഇതിനു മാറ്റം വരുത്താൻ അധികൃതർ തയ്യാറാകുന്നില്ല. മരങ്ങാട്ടുകോണം, ചിറ്റാരിക്കോണം കുളങ്ങളിൽ നിന്ന് മുക്കോണി തോട് വഴി വരുന്ന വെള്ളം തോട്ടിൽ നേരത്തെ നിർമ്മിച്ച തടയണയിൽ തടഞ്ഞ് നിറുത്തി ജലസേചന സൗകര്യം ഒരുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. നേരത്തെ തടയണകൾ നിർമ്മിച്ചപ്പോൾ ഉണ്ടായ പിഴവാണ് ഇതിനു കാരണം. അതിനാൽ കുളങ്ങൾ വൃത്തിയാക്കി പുനർനിർമ്മിച്ച് തടയണകൾ പുതുക്കി പണിയണമെന്നും കർഷകർ ആവശ്യപ്പെട്ടു.