ഒാരോ തിരഞ്ഞെടുപ്പും ചരിത്രത്തിൽ സൂക്ഷിക്കാൻ ഒട്ടേറെ വസ്തുതകളും യാഥാർത്ഥ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് സമാപ്തമാവുക. പതിനേഴാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പ് സവിശേഷശ്രദ്ധ പിടിച്ചുപറ്റുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) നേടിയ അത്യുജ്വല വിജയത്തിന്റെ പേരിലാകും. തിരഞ്ഞെടുപ്പുഫല പ്രവചനക്കാർ നിരത്തിവച്ച സംഖ്യകളിലേക്ക് കണ്ണയച്ചു പരിഹാസച്ചിരിയുമായി നിന്ന രാജ്യത്തെ പ്രതിപക്ഷകക്ഷികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം അവിശ്വസനീയമെന്ന് പറയാവുന്ന ഇൗ വിജയം നേടി തുടർഭരണത്തിന് അർഹത നേടിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിന് വേണ്ടതിലേറെ വകകളുണ്ടായിട്ടും വേണമെങ്കിൽ ഒറ്റയ്ക്കുതന്നെ അധികാരത്തിലേറാൻ ബി.ജെ.പിയെ പ്രാപ്തമാക്കിയ ഫലത്തിന് പിന്നിൽ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും രാഷ്ട്രീയ തന്ത്രജ്ഞതയുമാണ് കാണാൻ സാധിക്കുന്നത്. മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിനെയും ഏതുവിധേനയും പുറത്താക്കണമെന്ന വാശിയിൽ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങിയ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഇക്കുറിയും അഭിമാനിക്കാൻ ഏറെ വകയൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല കോൺഗ്രസിന്റെ പുതിയ അമരക്കാരനായ രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിൽ തന്റെ പാർട്ടിയുടെ അംഗസംഖ്യ മൂന്നക്കത്തിലെത്തിക്കാൻ പോലുമായില്ലെന്നതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാജയത്തിന്റെ ആഴം വ്യക്തമാകും.
രാഷ്ട്രീയ പണ്ഡിതന്മാരുടെ കണക്കുകൂട്ടലുകൾ പലതും തെറ്റിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രൂപംകൊണ്ട ഉത്തർപ്രദേശിലെ മഹാസഖ്യമോ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയോ എൻ.ഡി. എയ്ക്ക് രാജ്യത്തിന്റെ വലിയൊരു ഭൂഭാഗത്ത് കാര്യമായ വെല്ലുവിളിയേ ആയില്ലെന്നാണ് മനസിലാക്കേണ്ടത്. പ്രാദേശികമായ കൂട്ടുകെട്ടുകൾക്കപ്പുറം കേന്ദ്രത്തിൽ ഒരുറച്ച സർക്കാർ തന്നെ വരണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമായും എൻ.ഡി.എയുടെ ഇൗ ആധികാരിക വിജയത്തെ കാണം. ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും എൻ.ഡി.എയെ ലക്ഷ്യത്തിലെത്തിക്കാൻ മോദിക്ക് കഴിഞ്ഞുവെന്നത് രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചില്ലറ കാര്യമൊന്നുമല്ല. രാജ്യത്തിന്റെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തർപ്രദേശിൽ എസ്.പി - ബി.എസ്.പി സഖ്യം രൂപമെടുത്തപ്പോൾ ബി.ജെ.പിയുടെ കഥകഴിഞ്ഞു എന്ന് കണക്കുകൂട്ടിയവർ ഏറെയുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെപ്പോലെ തൂത്തുവാരാൻ സാധിച്ചില്ലെങ്കിലും കാലിടറാത്ത വിജയമുറപ്പിക്കാൻ ഇക്കുറിയും ബി.ജെ.പിക്ക് സാധിച്ചു. ഗുജറാത്ത്, ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാകട്ടെ അതിശയകരമായ വിജയമാണ് പാർട്ടി നേടിയത്. ഏതാനും മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഭരണം നഷ്ടപ്പെട്ട പാർട്ടിയാണ് ബി.ജെ.പി എന്നോർക്കണം. അതിന്റെ ക്ഷീണം പൂർണമായും മാറ്റിയെടുക്കുന്ന തരത്തിലുള്ളതാണ് ഇൗ സംസ്ഥാനങ്ങളിൽ അവർ നേടിയെടുത്ത വിജയം. നേരത്തെ മുതൽ ഉണ്ടായിരുന്ന സഖ്യകക്ഷികളെയെല്ലാം ഒപ്പം നിറുത്തുന്നതിലും ഇടക്കാലത്ത് പിണങ്ങിപ്പോയവരെ സമാധാനിപ്പിച്ച് തിരികെ കൊണ്ടുവരുന്നതിലും ബി.ജെ.പി നേതൃത്വം കാണിച്ച മിടുക്ക് വലിയതോതിൽ അവരെ സഹായിച്ചുവെന്നു വേണം കരുതാൻ. രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് പിഴച്ചതും ഇവിടെയാണ്. യു.പിയിലും ബീഹാറിലും ഡൽഹിയിലുമൊക്കെ ലാഭകരമായേക്കാവുന്ന സഖ്യനീക്കങ്ങൾ രാഹുൽ അവഗണിക്കുകയോ അതിന്റെ രാഷ്ട്രീയ പ്രാധാന്യം വേണ്ടപോലെ മനസിലാക്കുകയോ ചെയ്തില്ല. ഇന്ദിരാഗാന്ധിയുടെ വേഷവിധാനത്തിൽ പ്രിയങ്കയെ ഇറക്കിയാൽ യു.പിയെങ്കിലും ഒന്നാകെ കൂടെ എത്തുമെന്ന മിഥ്യാധാരണയിലായിപ്പോയി പാർട്ടി നേതൃത്വം. നരേന്ദ്രമോദിക്ക് എന്തിനും പോന്ന അമിത്ഷായെപ്പോലുള്ള കരുത്തന്മാരും തന്ത്രശാലികളുമായ അനുചരന്മാർ ധാരാളമുണ്ടെങ്കിൽ രാഹുലിനൊപ്പം തലയിൽ ആൾപാർപ്പുള്ള അധികം പേരൊന്നുമില്ലെന്നത് വസ്തുതയാണ്. ദേശീയ തിരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാൻ വ്യക്തിപ്രഭാവമോ, കുടുംബപാരമ്പര്യമോ മാത്രം പോര. രാഷ്ട്രീയ തന്ത്രങ്ങളും ആവോളം അറിഞ്ഞിരിക്കണം. പ്രധാനമന്ത്രി കള്ളനാണെന്ന് നാടുനീളെ വിളിച്ചു പറഞ്ഞതുകൊണ്ട് ദോഷമല്ലാതെ പ്രത്യേകിച്ചൊരുഗുണം ലഭിച്ചതായി കാണുന്നില്ല. വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിപക്ഷം ആസൂത്രിതമായി നടത്തിവരുന്ന ആരോപണം ഇപ്പോഴത്തെ വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിലും തുടർന്നേക്കാം. വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നവർ തന്നെയാണ് ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതെന്ന കൗതുകം അപ്പോഴും ബാക്കിയാണ്.
മൂന്നിൽ രണ്ടോളം ഭൂരിപക്ഷവുമായി രണ്ടാം ഉൗഴത്തിനൊരുങ്ങുന്ന മോദി ഒരുകാലത്ത് ഇടതുപക്ഷത്തിന്റെയും ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെയും തട്ടകമായ ബംഗാൾവരെ കടന്നെത്തി ആധിപത്യം സ്ഥാപിച്ചത് ഇൗ തിരഞ്ഞടുപ്പിലെ മറ്റൊരു സവിശേഷതയാണ് .. ഇടതുപക്ഷത്തിന്റെ സമ്പൂർണ തകർച്ചയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന വസ്തുത. നേരത്തെ തന്നെ ബംഗാൾ കൈവിട്ട ഇടതുപക്ഷത്തിന് ആശ്രയമായിരുന്ന കേരളവും ഇപ്പോൾ മുഖംതിരിച്ചുവെന്നത് വിമർശകരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ലോകകപ്പിൽ മെസിയെപ്പോലെ ഇടതുപക്ഷം ഇൗ തിരഞ്ഞെടുപ്പിൽ അത്‌ഭുതങ്ങൾ കാട്ടുന്നതുകാണാൻ തയ്യാറായിക്കൊള്ളുക എന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് മൂന്നുദിവസം മുൻപായിരുന്നു. ആ അത‌്ഭുതം ഇൗ രൂപത്തിലായതാണ് ഏറ്റവും വലിയ അത്‌ഭുതം.
ഉത്തരേന്ത്യയിലും മഹാരാഷ്ട്രയുൾപ്പെടെ പശ്ചിമേന്ത്യയിലും നേട്ടങ്ങൾ കൊയ്ത ബി.ജെ.പി ക്ക് കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യയിൽ ഇപ്പോഴും കടന്നെത്താൻ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിൽ എ.ഐ.എ..ഡി.എം. കെയുമായുണ്ടാക്കിയ സഖ്യം തികച്ചും നഷ്ടക്കച്ചവടമായി. തമിഴ്നാട്ടിൽ ഡി.എം.കെ ആധിപത്യം നേടിയപ്പോൾ തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ എത്തിനോക്കാൻപോലുമായില്ല. ആന്ധ്രയിൽ മുഴുവൻ സീറ്റുകളും ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ. കോൺഗ്രസിനൊപ്പമാണ് പോയത്. അതുപോലെ ആന്ധ്രയും. പിന്നെ ശേഷിക്കുന്നത് കേരളമാണ് ഫലപ്രവചനക്കാരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് കേരളത്തിൽ ചരിത്ര വിജയം കൊയ്തെടുത്തത്. ഇരുപതിൽ പത്തൊൻപതു സീറ്റും കൈയടക്കിയ യു.ഡി.എഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുന്ന എൽ.ഡി.എഫ്. സർക്കാരിന് കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാമെന്ന മോഹവുമായി കഴിഞ്ഞിരുന്ന ബി.ജെ.പിക്ക് തുടർന്നും നിരാശരാകേണ്ടി വന്നിരിക്കുന്നു. യു.ഡി.എഫിന്റെ ഇപ്പോഴത്തെ ചരിത്ര വിജയം ആത്മപരിശോധനയ്ക്ക് ഇടതുമുന്നണി നേതൃത്വങ്ങളെ നിർബന്ധിക്കുമെന്ന് തീർച്ച. സർക്കാർ ജനങ്ങളിൽനിന്ന് കൂടുതൽകൂടുതൽ അകന്നകന്നുപോകുന്നുവെന്നതിന്റെ തെളിവാണ് ഇൗ കനത്ത തിരഞ്ഞെടുപ്പ് പരാജയം. വരുംനാളുകളിൽ മാത്രമല്ല 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീളുന്ന രാഷ്ട്രീയ ചർച്ചകൾക്കാണ് ഇൗ ലോക്‌സഭാ ഫലങ്ങൾ വാതിൽ തുറന്നിടുന്നത്.