water-scarcity

മലയിൻകീഴ്: വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചിരുന്ന ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണെന്ന് പരാതി. കിണറുകൾ വറ്റിയതിനാൽ പൈപ്പ് കണക്ഷനെടുത്തവരും വലയുന്ന അവസ്ഥയാണിവിടെ. പല സ്ഥലത്തും പൈപ്പ്
വെള്ളം ലഭ്യമാകാത്ത സ്ഥിതിയാണിപ്പോൾ. ലഭ്യമാകുമ്പോൾ തന്നെ പലപ്പോഴും ഏതാനും മണിക്കൂറുകൾ മാത്രമേ കിട്ടാറുള്ളു. ചില സ്ഥലങ്ങളിൽ മൂന്നാഴ്ചയായി പൈപ്പ് വെള്ളം കിട്ടിയിട്ട്. കരാറുകാരന് താത്പര്യമുള്ള
സ്ഥലങ്ങളിലെ വാൽവ് മാത്രമേ തുറക്കാറുള്ളുവെന്നാണ് ആക്ഷേപം. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. മലയിൻകീഴ് പഞ്ചായത്ത് പരിധിയിലെ പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, അന്തിയൂർക്കോണം, മേപ്പൂക്കട, ബ്ലോക്ക്നട, മലയിൻകീഴ്, ശാന്തുമൂല,
ആൽത്തറ എന്നീ പ്രദേശങ്ങളിൽ അരുവിക്കര പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്. അരുവിക്കര (പുന്നാവൂർ) പമ്പിംഗ് സ്റ്റേഷനിൽ കുടിവെള്ളവിതരണ ജോലികൾ നടക്കുന്നുണ്ടെങ്കിലും ഇൗ പ്രദേശങ്ങളിൽ
വെള്ളമെത്തിക്കുന്നതിൽ വാട്ടർ അതോറിട്ടി അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം. വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാറുണ്ടെങ്കിലും ആവശ്യക്കാർക്ക് നൽകാറില്ലത്രെ. വർഷങ്ങളോളം പഴക്കമുള്ള പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് ഗ്രാമങ്ങളിലെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് പ്രധാനമായും കുടിവെള്ളമെത്തേണ്ടത്. വിളപ്പിൽശാല, പുളിയറക്കോണം, ചെറുകോട്, ചീലപ്പാറ, പടവൻകോട്, മുളയറ, പേയാട്, പള്ളുമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കുടിവള്ളക്ഷാമം രൂക്ഷമാണ്. ഫോഴ്സ് കുറച്ച് വയ്ക്കുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ്
വെള്ളം കിട്ടാറില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. അടിയന്തരമായി കുടിവെള്ളം നൽകുന്നതിന് അധികൃതർ
തയ്യാറാകണമെന്നാണ് നാട്ടുകാരു‌ടെ ആവശ്യം.