vasantha
എച്ച്.വസന്തകുമാർ

കന്യാകുമാരി: രാധാകൃഷ്‌ണൻ ഭയന്നതു പോലെ സംഭവിച്ചു. 1991മുതൽ ജയിച്ചും തോറ്റും നടത്തിയ പോരാട്ടങ്ങൾ പോലെയല്ല ഇത്തവണയെന്നും ജന്മനാട്ടിലെ പോര് മരണപ്പോരാണെന്നും വോട്ടെടുപ്പ് ദിനത്തിൽ കന്യാകുമാരിയിൽ കണ്ടപ്പോൾ പൊൻരാധാകൃഷ്‌ണൻ പറഞ്ഞിരുന്നു. ബിസിനസുകാരനായ കോൺഗ്രസിലെ, അഗസ്‌തീശ്വരംകാരൻ എച്ച്.വസന്തകുമാറിനോടാണ് പൊൻരാധാകൃഷ്‌ണന്റെ തോൽവി. കന്യാകുമാരിയിൽ ഇനി പുതുവസന്തം.

ചില്ലറക്കാരനല്ല വസന്തകുമാർ. രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ. ആസ്‌തി 417കോടി. അഞ്ചുവർഷത്തെ കണക്കു നോക്കിയാൽ വരുമാനത്തിൽ 45 ശതമാനം വാർഷിക വർദ്ധനവ്. കഴിഞ്ഞ വർഷത്തെ സമ്പാദ്യം 28.93 കോടി. തമിഴ്നാട്, കേരളം, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ ശൃംഖലയായ വസന്ത് ആൻഡ് കമ്പനിയുടെ ഉടമ. സ്വന്തമായി വസന്ത് ടി.വി ചാനൽ. മണ്ഡലത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

മകനും തമിഴ്- തെലുങ്ക് നടനുമായ വിജയ് വസന്താണ് പ്രചാരണം നയിച്ചത്. പ്രചാരണകാലത്ത് മണ്ഡലത്തിലുടനീളം ചുവരുകളിൽ വസന്ത് ആൻഡ് കോ, വസന്ത് ടി.വി പരസ്യങ്ങളായിരുന്നു. ബൂത്തുകളിൽ വസന്ത് ആൻഡ് കോ കുട ചൂടിയ വോട്ടർമാർ, വഴിയോരത്തെ കടകളിലും ഇളനീർപ്പന്തലുകളിലും വസന്തിന്റെ പരസ്യക്കുടകൾ. ആ തന്ത്രങ്ങളെല്ലാം വിജയിച്ചു.

ഡി.എം.കെയുടെ നേതൃത്വത്തിൽ സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, തിരുമവിളവൻ പാ‌ർട്ടി, വിടുതലൈച്ചിരുതൈ കക്ഷികളുടെ സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. എ.ഐ.ഡി.എം.കെ, വിജയകാന്തിന്റെയും ശരത്കുമാറിന്റെയും ചെറു പാർട്ടികൾ, പട്ടാളിമക്കൾ കക്ഷി എന്നിവയുമായായിരുന്നു ബി.ജെ.പിയുടെ സഖ്യം. 2014-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒറ്റയ്‌ക്കു മത്സരിച്ചപ്പോൾ 2.44 ലക്ഷം വോട്ട് വസന്തകുമാർ പിടിച്ചിരുന്നു. രാധാകൃഷ്‌ണൻ പിടിച്ചത് 3.72 ലക്ഷം വോട്ട്.