sasi

തിരുവനന്തപുരം: വിജയമുറപ്പിച്ചിട്ടേ വീടിന് പുറത്തേക്കുള്ളൂവെന്ന് ഉറപ്പിച്ച് അവസാന നിമിഷം വരെ സസ്പെൻസുമായി ശശി തരൂർ.

പതിവ് പോലെ രാവിലെ 5ന് എഴുന്നേറ്റ ശശി തരൂർ ക്ഷേത്രദർശനത്തോടെയാണ് ദിവസം തുടങ്ങിയത്. 6.45ന് പഴവങ്ങാടി ഗണപതി ക്ഷേത്രം, പദ്മനാഭസ്വാമി ക്ഷേത്രം, തൈക്കാട് ശാസ്താ ക്ഷേത്രം എന്നിവ സന്ദർശിച്ച് എട്ട് മണിയോടെ വീട്ടിലെത്തി. ഈ സമയം മാദ്ധ്യമ പ്രവർത്തകരും പാർട്ടി പ്രവർത്തകരും വഴുതക്കാട്ടെ ഫ്ലാറ്റിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വോട്ട് എണ്ണിത്തുടങ്ങി ശശി തരൂർ ലീഡ് ചെയ്യുന്നുവെന്നുള്ള വാർത്ത പുറത്തു വരുന്നതിനിടെയാണിത്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ചെറുതായി ചിരിച്ച് പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത് ശശി തരൂർ നേരെ വീട്ടിലേക്ക് കയറി വാതിലടച്ചു. ഫ്ലാറ്റിലെ ഹാളിൽ സ്ഥാപിച്ചിരുന്ന ടി.വിക്ക് മുന്നിലായി പാർട്ടിപ്രവർത്തകരും മാദ്ധ്യമങ്ങളും നിലകൊണ്ടു. 9.20 ഓടെ 20 - 20 എന്ന നിലയിലേക്ക് കേരളമെന്ന സ്ക്രോൾ ടി.വിയിൽ മിന്നിമാഞ്ഞത് ഹർഷാരവങ്ങളോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്.. ലീഡ് മുപ്പതിനായിരം കടന്നതോടെ 12.45ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനത്തോടെ ഫ്ലാറ്റിലെത്തി. അവരെയും കാണാൻ തയ്യാറായില്ല. എൺപത് ശതമാനം വോട്ട് എണ്ണിത്തീർന്ന് വിജയമുറപ്പിച്ചേ പുറത്തിറങ്ങൂവെന്ന് തരൂർ അറിയിച്ചു. അതേ സമയം,രാവിലെ മുതൽ ട്വിറ്ററിലൂടെ തരൂർ പ്രതികരിച്ചുകൊണ്ടിരുന്നു. രാവിലെ അമ്മ ലില്ലി തരൂരിനൊപ്പം പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തായിരുന്നു തുടക്കം. ലീഡ് കൂടുന്നതിന് ആനുപാതികമായി ട്വീറ്റുകളുടെ എണ്ണവും വർദ്ധിച്ചു. . ഇതിനിടെ എൻ. ശക്തൻ, എം. വിൻസെന്റ് എം.എൽ.എ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. രണ്ട് മണിയോടെ മാദ്ധ്യമപ്രവർത്തകർക്ക് വീട്ടിലേക്ക് പ്രവേശനം ലഭിച്ചു. പൊന്നാടകളും പൂക്കളുമൊക്കെയായി പ്രവർത്തകരും കാത്തിരിപ്പ് തുടങ്ങി. മൂന്ന് മണിയോടെ ശശി തരൂർ പുറത്തേക്ക്. അഭിവാദ്യങ്ങളും സന്തോഷപ്രകടനങ്ങളുമായി വീട് നിറഞ്ഞു. ചിരിയുമായി ശശി തരൂർ 3.15ന് ഇന്ദിരാഭവനിലേക്ക്..