മോദി വീണ്ടും വൻ വിജയം നേടിയതിന്റെ കാരണം എന്താണ്?
താത്വികമായ ഒരു അവലോകനം ആർക്കും ആവശ്യമില്ല. എന്തുകൊണ്ട് ജയിച്ചു എന്നത് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയണം എന്ന സന്ദേശത്തിലെ ഉത്തമന്റെ ആവശ്യം വളരെ പ്രസക്തമാണ്.
മോദി ഒരു വശത്തും രാഹുലും പ്രതിപക്ഷ നേതാക്കളും മറുവശത്തും അണിനിരന്ന ഒരു യുദ്ധം തന്നെയായിരുന്നു ദേശീയ തിരഞ്ഞെടുപ്പ് .
എല്ലാ യുദ്ധതന്ത്രങ്ങളും വഞ്ചനയിൽ അധിഷ്ഠിതമാണെന്ന് 'ദി ആർട്ട് ഒഫ് വാർ' എഴുതിയ ചൈനീസ് യുദ്ധതന്ത്രജ്ഞൻ സൺ സൂ വളരെ ശരിയായി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ നടന്നതും ഏറക്കുറെ വഞ്ചനയിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പും പ്രചാരണവുമാണ്. കാരണം ഓരോ കക്ഷികളും മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങൾ അവർക്ക് തന്നെ പാലിക്കാൻ പറ്റില്ലെന്നും അവസാനം ജനങ്ങൾ വഞ്ചിക്കപ്പെടുമെന്നും എല്ലാ പാർട്ടികൾക്കും കൃത്യമായി അറിയാം. ജനങ്ങൾക്കും ഇത് അറിയാം. പക്ഷേ, ആര് പറയുന്നതിലാണ് വഞ്ചനയുടെ ശതമാനം കുറവുള്ളത് എന്നത് ജനങ്ങൾ നോക്കും. അതിനവർ ആദ്യം ചെയ്യുന്നത് യുദ്ധം നയിക്കുന്ന സേനാ നായകരെ വീക്ഷിക്കുക എന്നതാണ്.
അങ്ങനെ അവർ നോക്കിയപ്പോൾ ഒരു വശത്ത് മോദി. മറുവശത്ത് രാഹുലും ഒപ്പം ഇന്നലെ വരെ ശത്രുക്കളായി നിന്നിരുന്നവർ സഖ്യഭാവത്തിൽ ഉപനായകന്മാരും നായികമാരുമായി നിൽക്കുന്നു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ മോദി വിജയിക്കുമെന്ന് ജനങ്ങൾ മനസ്സിൽ കുറിച്ചു. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ഉയരത്തിൽ നിൽക്കുന്നതായി തോന്നിച്ച മോദിയുടെ നായക പരിവേഷമാണ് ഈ വിജയത്തിന്റെ പ്രധാന കാരണം.
ദേശസുരക്ഷ
ജാതീയത കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് ദേശീയതയാണ്. അതിർത്തിക്കപ്പുറത്തുനിന്ന് ദേശത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോൾ പട്ടിണിപോലും മറന്ന് ജനങ്ങൾ അതിനെതിരെ ഒന്നിക്കും. അത് ഇന്ത്യയിലെന്നല്ല എവിടെയും അങ്ങനെ തന്നെയാണ്. പാകിസ്ഥാന്റെ അതിർത്തി കടന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ ബാലാകോട്ട് ബോംബിട്ട നിമിഷം തന്നെ ഇന്ത്യയുടെ ഹിന്ദി ഹൃദയ ഭൂമി മോദി കവർന്നു. ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്ന് ഒരംഗമെങ്കിലും കരസേനയിൽ ജവാനായിരിക്കും. ദേശീയ സുരക്ഷ അവർക്ക് അവരുടെ മക്കളുടെ സംരക്ഷണമാണ്. ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കുന്നവർക്കേ ഇന്ത്യ ഭരിക്കാൻ കഴിയൂ. അത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ മോദി ഉറപ്പാക്കി. ഇത് മോദി സ്വയം സൃഷ്ടിച്ചതല്ല. വന്നു വീണ അവസരമാണ്.
അവസരം
ലക്ഷ്യബോധം, ആസൂത്രണം, കഠിന പ്രയത്നം എന്നിവയോടൊപ്പം അവസരം കൂടി അനുകൂലമായാൽ മാത്രമേ ആർക്കും വിജയിക്കാനാവൂ. അങ്ങനെ വന്നു വീഴുന്ന അവസരത്തെ ഭാഗ്യമെന്നോ ഈശ്വരാധീനമെന്നോ വിധിയെന്നോ അവരവരുടെ തലത്തിൽ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. മുംബയിൽ പത്തിരുന്നൂറ് പേരെ തെരുവിൽ പട്ടിയെപ്പോലെ വെടിവച്ചിട്ടതിന്റെ തെളിവുമായി പാകിസ്ഥാനിലേക്കും അമേരിക്കയിലേക്കും വിമാനത്തിൽ സുഖസഞ്ചാരം നടത്തിയവരാണ് ബലാകോട്ട് ആക്രമണത്തിന്റെ പേരിൽ മോദിയെ പരിഹസിച്ചത് എന്നത് അടിവരയിട്ട് ഓർമ്മിക്കേണ്ട വസ്തുതയാണ്. അവസരം പാഴാക്കുന്നവരെ സേനാ നായകരായി ജനം അംഗീകരിക്കില്ല.
അഴിമതിരഹിതം
കഴിഞ്ഞ അഞ്ച് വർഷത്തെ അഴിമതിരഹിത കേന്ദ്ര ഭരണമാണ് ജനം കണക്കിലെടുത്ത മറ്റൊരു കാര്യം. എത്ര കേന്ദ്ര മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. ആകെ പറഞ്ഞത് റാഫേലിന്റെ കാര്യമാണ്. കരാറിന്റെ തുടക്കം യു.പി.എയുടെ കാലത്താണ്. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴമൊഴി പ്രകാരം അതിൽ കുഴപ്പങ്ങൾ കാണാം. പക്ഷേ, അതും വിശ്വസനീയമായി ബോദ്ധ്യപ്പെടുത്താനായില്ല. അംബാനിയെ സഹായിക്കാനെന്ന മട്ടിൽ പുകമറ സൃഷ്ടിക്കാനായി. പക്ഷേ, അംബാനിമാരെ സഹായിക്കാത്ത ആരാണ് ഇവിടെ ഉള്ളത്. ബോഫോഴ്സിന്റെ തറയിൽ നിന്നുകൊണ്ട് റാഫേലിനെ പറഞ്ഞാൽ വിറ്റുപോകില്ല.
പറയേണ്ടത് പറഞ്ഞില്ല
മോദിയുടെ ഭരണത്തെ വിമർശിക്കാൻ നിരവധി വസ്തുതകൾ ഉണ്ടായിരുന്നു. തകർന്ന കാർഷിക രംഗം, കുതിച്ചുയർന്ന തൊഴിലില്ലായ്മ, പെട്രോൾ, ഡീസൽ വർദ്ധനവ്, സാമ്പത്തിക രംഗത്തിന്റെ മന്ദത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ. പക്ഷേ, രാഹുൽഗാന്ധി വാ തുറക്കുന്നത് മോദിയെ വ്യക്തിപരമായി ആക്രമിക്കാൻ മാത്രമായിരുന്നു. പ്രതിപക്ഷ പ്രമുഖരും ഇതേറ്റു പിടിച്ചു. ഇത് ഏറ്റവും ഗുണം ചെയ്തത് മോദിക്കാണ്.
കാവൽക്കാരൻ
ചായക്കടക്കാരൻ എന്ന് വിളിച്ചതിലൂടെ ആദ്യം പ്രധാനമന്ത്രിയാക്കി. കാവൽക്കാരൻ എന്ന് വിളിച്ച് രണ്ടാമത് പ്രധാനമന്ത്രിയാക്കി. ഇനി അടുത്തവട്ടം ഇവർ എന്താണാവോ വിളിക്കാൻ പോകുന്നത്? ഈ വിശേഷണങ്ങളൊക്കെ സാധാരണക്കാരെ പരിഹസിക്കുന്ന ജമീന്ദാർമാരുടെ ഭാഷയാണ്. കർഷകനും ചായക്കടക്കാരനും കാവൽക്കാരനും സാധാരണക്കാരനായ ഉത്തമനുമൊക്കെ അടങ്ങിയതാണ് യഥാർത്ഥ ഇന്ത്യ. അവരെ പരിഹസിച്ചിട്ട് ഇന്ത്യ ഭരിക്കാൻ ആർക്ക് കഴിയും.