തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന ജില്ലയിലെ ഇരുമണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണല്ലിന്റെ ആദ്യവസാനം കണ്ടത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ അദ്ഭുതങ്ങൾ കാട്ടിയില്ല. ആറ്റിങ്ങലിൽ സിറ്റിംഗ് എം.പി സമ്പത്ത് അടൂർ പ്രകാശിന്റെ കുതിപ്പിന് വെല്ലുവിളിയായതുമില്ല. ആദ്യ ഒരു മണിക്കൂറിനുള്ളിൽ മാത്രമാണ് കുമ്മനവും സമ്പത്തും നേരിയ ലീഡ് ഉയർത്തിയത്. തുടർന്നുള്ള മണിക്കൂറുകളിൽ ഉടനീളം യു.ഡി.എഫ് സ്ഥാനാർത്ഥികൾ ലീഡ് ഉയർത്തി. തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരനും ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ഒരിക്കൽപ്പോലും മുന്നിലെത്താൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി. 8ന് വോട്ടെണ്ണൽ ആരംഭിച്ചതോടെ തിരുവനന്തപുരത്ത് ആദ്യം പുറത്തുവന്നത് കുമ്മനത്തിന്റെ 87വോട്ടിന്റെ ലീഡ്. മിനിട്ടുകൾക്കുള്ളിൽ രംഗം മാറി 8.45ന് തരൂർ 886ന്റെ ലീഡുയർത്തി. ഇതോടെ കുമ്മനം രണ്ടാമതായി. 9.05ന് കുമ്മനത്തെ മറികടന്ന് സി. ദിവാകരൻ രണ്ടാമതെത്തി. അപ്പോഴേക്കും തരൂരിന്റെ ലീഡ് നില 2308 ആയി ഉയർന്നു. 9.15ന് കുമ്മനം ദിവാകരനെ കടത്തിവെട്ടി രണ്ടാമതെത്തിയപ്പോൾ തരൂരിന്റെ ലീഡ് 2164. തുടർന്ന് മത്സരം തരൂരും കുമ്മനവും തമ്മിലായി. കുമ്മനത്തെ ലീഡ് ചെയ്യാൻ അനുവദിക്കാതെ തരൂർ നില ഭദ്രമാക്കി. സമയം 10.16 - തരൂരിന്റെ ലീഡ് പതിനായിരം കടന്നു (12076). ഇടയ്ക്ക് കുമ്മനത്തിന്റെ അട്ടിമറി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഉച്ചയ്ക്ക് 1.23ന് ലീഡ് കാൽലക്ഷം കടന്നു (25320.) പിന്നെ ഓരോ മിനിട്ടിലും തരൂരിന്റെ തേരോട്ടമായിരുന്നു. 3ന് ലീഡ് അരലക്ഷം കടന്നതോടെ വിജയം ഉറപ്പിച്ചു. ഇതോടെ ദിവാകരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴോടെ തരൂർ ഭൂരിപക്ഷം ഒരു ലക്ഷവും പിന്നിട്ടു. ഹാട്രിക് വിജയം ലക്ഷ്യമിട്ട് ആറ്റിങ്ങലിൽ അങ്കത്തിനിറങ്ങിയ സമ്പത്തും വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ മാത്രമാണ് ലീഡ് ചെയ്‌തത്. 8.40ന് ആറ്റിങ്ങലിലെ ആദ്യഫല സൂചന പുറത്തുവന്നപ്പോൾ 1071 വോട്ടായിരുന്നു സമ്പത്തിന്റെ ലീഡ്. വിജയം ഇക്കുറിയും സമ്പത്തിനൊപ്പമെന്ന് കരുതിയെങ്കിലും വോട്ടുനില നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞു. 8.50ന് അടൂർ പ്രകാശ് 987 വോട്ടിന്റെ ലീഡുമായി കളംപിടിച്ചു. സമ്പത്ത് രണ്ടാമതും ശോഭാസുരേന്ദ്രൻ മൂന്നാമതും. തുടർന്നുള്ള ഓരോ മിനിട്ടിലും അടൂർപ്രകാശ് ലീഡ് ഉയർത്തി. സമയം 11.22 ആയപ്പോഴേക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ലീഡ് പതിനായിരം കടന്നു (10946). ഉച്ചയ്ക്ക് 2ന് കാൽലക്ഷം വോട്ടിന്റെ (25031) കരുത്തോടെ അടൂർപ്രകാശ് കുതിപ്പ് തുടർന്നു. മൂന്നോടെ മുപ്പതിനായിരവും (31738) കടന്ന് യു.ഡി.എഫ് വിജയം ഉറപ്പിച്ചു.