election-2019

► ബി.ജെ.പിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റു പോയി

രാജ്യമാകെ മോദി തരംഗം കൊടുങ്കാറ്റായപ്പോഴും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ എന്ന ഒറ്റ വീരനായകന്റെ നെഞ്ചൂക്കിന്റെ ബലത്തിൽ ഡി.എം.കെ- കോൺഗ്രസ് സഖ്യം ലോക്‌സഭാ സീറ്റുകൾ തൂത്തുവാരി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 39 സീറ്റുകളിൽ 38 സീറ്റും ഈ സഖ്യം നേടി. തേനിയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ വിജയം. ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സി.പി.എമ്മിനും സി.പി.ഐയ്‌ക്കും തങ്ങൾക്കു ലഭിച്ച രണ്ടു സീറ്റിൽ വീതം ജയക്കാനായി.

കഴിഞ്ഞ തവണ ഒറ്റയ്‌ക്കു മത്സരിച്ച അണ്ണാ ഡി.എം.കെ ഇത്തവണ ബി.ജെ.പിയുമായി ചേർന്ന് പ്രമുഖ പാർട്ടികളെ ഒപ്പം കൂട്ടിയാണ് മത്സരിച്ചത്. പട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ ഉൾപ്പെടെ എൻ.‌ഡി.എയുടെ ഭാഗമായി. ബി.ജെ.പി അഞ്ചിടത്താണ് മത്സരിച്ചത്. മൂന്നിടത്ത് വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ആകെ കൈയിലുണ്ടായിരുന്ന കന്യാകുമാരിയും നഷ്ടമാവുകയായിരുന്നു. ഇവിടെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ജയിക്കുമെന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും കോയമ്പത്തൂർ, രാമനാഥപുരം മണ്ഡലങ്ങളിൽ വിജയിക്കാൻ കഴിയുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. അ‌ഞ്ചുവട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിനായി എത്തിയത്.

‌ഡി.എം.കെ മുന്നണിക്ക് പ്രതീക്ഷയില്ലായിരുന്ന ചെന്നൈ സൗത്ത്, ധർമ്മപുരി, വില്ലുപുരം, വിരുതുനഗർ എന്നിവടങ്ങളിലെല്ലാം അദ്ഭുതപ്പെടുത്തുന്ന വിജയമാണുണ്ടായത്. അണ്ണാ ഡി.എം.കെയുടെ മാനം കാത്ത വിജയം സ്വന്തമാക്കിയത് തേനിയിൽ രവീന്ദ്രനാഥ്‌കുമാറാണ്. ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഒ.പന്നീർ ശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. അവസാന നിമിഷം വരെ ഈറോഡ് മണ്ഡലത്തിൽ മണിമാരൻ ലീഡ് ചെയ്തിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ഡി.എം.കെ മുന്നണിയിലെ എം.ഡി.എം.കെയില ഗണേശമൂർത്തിയാണ് വിജയിച്ചത്. ബി.ജെ.പിയ്‌ക്ക് സ്വാധീനമുള്ള ചെന്നൈ സൗത്തിൽ സിറ്റിംഗ് എം.പി അണ്ണാ ഡി.എം.കെയിലെ ഡോ. ജെ.ജയവർദ്ധനൻ തമിഴച്ചി തങ്കപാണ്ഡ്യനോട് തോറ്റത് തിരിച്ചടിയായി. സൗത്ത് ഉൾപ്പെടെ തലസ്ഥാനത്തെ മൂന്നു സീറ്റും ഡി.എം.കെ പിടിച്ചു.

കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെയ്‌ക്കും ഡി.എം.കെയ്‌ക്കും എതിരെ ധർമ്മപുരിയിൽ മത്സരിച്ചു വിജയിച്ച അൻപുമണി രാംദാസ് ഇത്തവണ അണ്ണാ ഡി.എം.കെയ്ക്കൊപ്പം മത്സരിച്ചിട്ടും തോറ്റത് രാഷ്ട്രീയനിരീക്ഷകരെ പോലും ഞെട്ടിച്ചു.

► തമിഴകത്ത്

പാറിയ ചെങ്കൊടി

കേരളത്തിലും ബംഗാളിലും ത്രിപുരയിലുമൊക്കെ സി.പി.എം, സി.പി.ഐ പാർട്ടികൾ അടിതെറ്റി വീണപ്പോൾ കരുത്തു കാട്ടാനായത് തമിഴ്നാട്ടിൽ മാത്രം. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത്സരിച്ച നാലു സീറ്റിലും ജയിച്ചു. അതും ഡി.എം.കെയുടേയും കോൺഗ്രസിന്റേയും സഹായത്തോടെ. മധുര, കോയമ്പത്തൂർ സീറ്റുകൾ സി.പി.എമ്മും നാഗപട്ടണം, തിരുപ്പൂർ സീറ്റുകൾ സി.പി..ഐയും നേടിയെടുക്കുകയായിരുന്നു. പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി അഞ്ചു പേർ എത്തുമ്പോൾ അതിൽ നാലു പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കഴിഞ്ഞ തവണ സി.പി.ഐയുടെ ലോക്‌സഭാ പ്രാതിനിധി തൃശൂരിൽ നിന്നു വിജയിച്ച സി.എൻ..ജയദേവൻ മാത്രമായിരുന്നു.