തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ വലിയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രിപദം രാജിവച്ച് രാഷ്ട്രീയ അന്തസ് കാട്ടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരിക്കാനുള്ള ധാർമ്മിക അവകാശം സി.പി.എമ്മിന് നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ പ്രസക്തി അസ്തമിച്ചിരിക്കുന്നു. ന്യൂനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങൾ ഒരു പോലെ യു.ഡി.എഫിനെ പിന്തുണച്ച ആദ്യ തിരഞ്ഞെടുപ്പാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായി ഇന്ത്യയിലെ ഗോർബച്ചേവ്: ചെന്നിത്തല
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദിക്ക് വലിയ ഭൂരിപക്ഷം കൊടുക്കുന്നതിൽ പിണറായിയുടെ പങ്ക് ചെറുതല്ല. എന്നാൽ, ബി.ജെ.പിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. ദേശീയതലത്തിൽ മതേതര ശക്തികൾ ഒന്നിക്കണമെന്ന യെച്ചൂരിയുടെ അഭിപ്രായം പ്രസക്തമാണ്. മതേതര പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വച്ച സി.പി.എമ്മിന് കിട്ടിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. വർഗീയതയ്ക്കെതിരായ പോരാട്ടം യു.ഡി.എഫ് തുടരും. കേരളത്തിലെ ജനവിധി മാനിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സൂചനകൾ നൽകുന്ന ഫലം: ഉമ്മൻചാണ്ടി
യു.ഡി.എഫിന് ലഭിച്ച ചരിത്രവിജയത്തിൽ അഹങ്കരിക്കുന്നില്ലെന്നും വിജയം വിനയത്തോടെ സ്വീകരിക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. വളരെയേറെ സൂചനകൾ നൽകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്. ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വലിയ ഭൂരിപക്ഷം ഇതിന് തെളിവാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെയും വിശ്വാസികളുടെ പ്രശ്നത്തിലും യു.ഡി.എഫ് എടുത്ത നിലപാടുകൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.