തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഇടത് തരംഗം പഴങ്കഥയായി. ഈ തരംഗത്തിൽ 123 അസംബ്ലി മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നിൽക്കുന്ന കാഴ്ചയാണ്. പതിനാറ് മണ്ഡലങ്ങൾ മാത്രമാണ് ഇടതിനൊപ്പം.
2016ൽ താമര വിരിഞ്ഞ നേമം ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തി. ആറിടത്താണ് ബി.ജെ.പി ഇക്കുറി രണ്ടാം സ്ഥാനത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും അതുതന്നെയായിരുന്നു സ്ഥിതി.
മഞ്ചേശ്വരം, കാസർകോട്, തൃശൂർ, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബി.ജെ.പി രണ്ടാമതെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ട് ഗണ്യമായി കൂടിയപ്പോൾ ഇടതുമുന്നണി മിക്കയിടത്തും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലയെക്കാളും പിന്നിലേക്ക് തള്ളപ്പെട്ടു. തരംഗത്തിൽ 19 മണ്ഡലങ്ങളും കൈവിട്ടപ്പോൾ മണ്ഡല പുനർവിഭജനത്തിന് ശേഷം രണ്ട് തിരഞ്ഞെടുപ്പുകളിലും നേടിയ ആലപ്പുഴ മണ്ഡലം കോൺഗ്രസിന് കൈവിടേണ്ടി വന്നു.
കാസർകോട് മണ്ഡലത്തിൽ നാല് അസംബ്ലി മണ്ഡലങ്ങളിൽ മുന്നിലെത്തിയിട്ടും മഞ്ചേശ്വരത്തും കാസർകോട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് സതീശ് ചന്ദ്രന്റെ തോൽവി ഉറപ്പിച്ചത്. കണ്ണൂരിലാകട്ടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും മട്ടന്നൂരും ഒഴികെ എല്ലായിടത്തും യു.ഡി.എഫ് മുന്നിലെത്തി. ഇടത് കോട്ടയായ തളിപ്പറമ്പും ഇതിലുൾപ്പെടും.
വടകര മണ്ഡലത്തിലും തലശേരി മാത്രമേ ഇടതിനൊപ്പം നിന്നുള്ളൂ. വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, ചാലക്കുടി, തൃശൂർ, എറണാകുളം, ഇടുക്കി, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിൽ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരി. മന്ത്രിമാരുടെ മണ്ഡലങ്ങളും ഇതിലുൾപ്പെടും. കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എ. പ്രദീപ്കുമാർ എം.എൽ.എയെ അദ്ദേഹത്തിന്റെ സിറ്റിംഗ് മണ്ഡലമായ കോഴിക്കോട് നോർത്തും ആലപ്പുഴയിൽ വിജയിച്ച ഇടതിലെ എ.എം. ആരിഫ് എം.എൽ.എയെ അദ്ദേഹത്തിന്റെ സിറ്റിംഗ് അസംബ്ലി മണ്ഡലമായ അരൂരും കൈവിട്ടു. തിരുവനന്തപുരത്ത് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇടത് സ്ഥാനാർത്ഥി സി. ദിവാകരന്റെ സിറ്റിംഗ് മണ്ഡലമായ നെടുമങ്ങാട്, ആറ്റിങ്ങലിലെ ഇടത് സ്ഥാനാർത്ഥി എ. സമ്പത്തിനെ തുണച്ചു.