udf-

തിരുവനന്തപുരം: ന്യൂനപക്ഷ കേന്ദ്രീകരണവും ശബരിമല പ്രശ്നവും യു.ഡി.എഫിന് അനുകൂലമായി കേരളത്തിൽ സൃഷ്ടിച്ച വോട്ട് പ്രളയത്തിൽ ഇടതു കോട്ടകൾ തകർന്നടിഞ്ഞു. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റിൽ പത്തൊൻപതും യു.ഡി.എഫ് വെട്ടിപ്പിടിച്ചപ്പോൾ എൽ.ഡി.എഫ് ആലപ്പുഴ എന്ന ഒറ്റ സീറ്റിൽ ഒതുങ്ങി.

അപ്രതീക്ഷിത മേഖലകളിൽ പോലും യു.ഡി.എഫിന്റെ കടന്നുകയറ്റമാണ് കണ്ടത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും അതിനെതിരെ ബി.ജെ.പി നടത്തിയ ന്യൂനപക്ഷ വർഗീയ പ്രചാരണവുമെല്ലാം യു.ഡി.എഫ് തരംഗത്തെ ഉത്തേജിപ്പിച്ചു. ശബരിമല വിഷയം തീക്ഷ്ണമായി ഉപയോഗിച്ച ബി.ജെ.പിക്ക് പക്ഷേ ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കാനായില്ല. ഇടതിന് ആശ്വാസജയം സമ്മാനിച്ച ആലപ്പുഴയിൽ എ.എം. ആരിഫ് എം.എൽ.എയുടെ വിജയം 9068 വോട്ടിന് മാത്രം. ആലപ്പുഴയ്ക്ക് പുറമെ കാസർകോട്ട് മാത്രമാണ് ലീഡ് മാറിമറിഞ്ഞ് പോരാട്ടത്തിന്റെ പ്രതീതി അല്പമെങ്കിലും സൃഷ്ടിച്ചത്.

ഇരുപതിൽ ഇരുപത് എന്ന യു.ഡി.എഫ് നേതാക്കളുടെ അവകാശവാദത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ അവരുടെ സമഗ്രാധിപത്യമാണ് ഫലത്തിൽ കണ്ടത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് വയനാട് രാഹുലിന് നൽകിയത്, 4.31ലക്ഷം. പത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയ്ക്കാണ്. നാല് പേർക്ക് അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയ്ക്കായി. ബാക്കി രണ്ട് പേർക്കൊഴികെ എല്ലാവർക്കും ഭൂരിപക്ഷം 20,000ത്തിനും 50,000ത്തിനും ഇടയ്ക്കാണ്.