പാലോട് : പൗവത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെ വീട്ടു മുറ്റങ്ങൾ ഇനി ജൈവ പച്ചക്കറികളാൽ സമ്പന്നമാകും.കർഷകരായ ഷാജിയും ലിജിയും ചേർന്ന് പൗവത്തൂരിലെ പതിനഞ്ച് സെന്റ് പുരയിടം പച്ചക്കറി തോട്ടമാക്കി മാറ്റിയതോടെയാണ് റസിഡന്റ്സ് അംഗങ്ങളുടെ വീട്ടുമുറ്റങ്ങളും ഹരിതാഭമാക്കാൻ തീരുമാനിച്ചത്. പാവലും പടവലവും പാഷൻ ഫ്രൂട്ടും വിവിധ തരം ഫലവർഗങ്ങളും ഒരുവശത്ത്,പയറും കത്തിരിയും മറ്റു പച്ചക്കറി വിളകളും മറുവശത്ത്.ഷാജിയുടെ വീട്ടു മുറ്റത്തെ കൃഷി ആരേയും ആകർഷിക്കുന്നതാണ്.ഈ മാതൃക തോട്ടത്തിൽ നിറവിളവിനെ സാക്ഷിനിർത്തി ഓരോ പായ്ക്കറ്റ് പച്ചക്കറി വിത്ത് വീതം അംഗങ്ങൾക്ക് വിതരണം ചെയ്തു കൊണ്ടാണ് റസിഡന്റ്‌സ് പരിധിയിലെ ജൈവ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.വാർഡ് മെമ്പർ സതീശൻ,കൃഷി ഓഫീസർ എസ്.ജയകുമാർ,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മഹേന്ദ്രൻ, സെക്രട്ടറി വി.എസ്.ഹണികുമാർ,മാതൃകാ കർഷകൻ സുദർശനൻനായർ, റിട്ട.ജോയിന്റ് ബി.ഡി.ഒ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.