തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണചക്രം ആരുടെ കൈയിലെത്തുമെന്ന് നിശ്ചയിച്ച തിരഞ്ഞെടുപ്പിൽ, നഗരത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ മുതൽ പ്രവർത്തകരുടെ ആവേശം. തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിനു മുന്നിൽ രാവിലെ മുതൽ ആശങ്കയോടെയും ആവേശത്തോടെയുമാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകർ കാത്തുനിന്നത്. വോട്ടെണ്ണൽ ആരംഭിക്കുന്ന രാവിലെ എട്ടിന് മുന്നേതന്നെ പ്രവർത്തകർ വിദ്യാനഗറിന്റെ പ്രധാന ഗേറ്റിനു മുന്നിൽ തമ്പടിച്ചിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതോടെ പ്രവർത്തകർ ആവേശത്തിലായി. തുടക്കത്തിൽ സ്ഥാനാർത്ഥികളുടെ വോട്ടുനിലകൾ മാറിമാറി വരുമ്പോഴും പ്രവർത്തകരുടെ ആവേശത്തിന് മങ്ങലുണ്ടായില്ല. തുടർന്നുള്ള റൗണ്ടുകളിൽ വിജയം തങ്ങളുടേതായിരിക്കുമെന്ന് ആത്മവിശ്വാസം പാർട്ടി നേതാക്കളും പ്രവർത്തകരും കൈവിട്ടില്ല. ഇടയ്ക്ക് സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ വന്നതോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലായി.

സ്ഥാനാർത്ഥികളുടെ ലീഡുനില മിനിട്ടുകളുടെ വ്യത്യാസത്തിൽ മാറിവന്നപ്പോൾ പ്രവർത്തകർക്കിടയിൽ നേരിയ ആശങ്കയുണ്ടായി. എതിർ സ്ഥാനാർത്ഥിക്ക് ഒറ്റയ്ക്ക് ലീഡുനില ഉയർന്നപ്പോൾ മറ്റ് മുന്നണികളുടെ പ്രവർത്തകർ കൊഴിഞ്ഞുപോകാൻ തുടങ്ങി. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി ശശി തരൂർ ലീഡ് ഉയർത്തിയത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശമുണ്ടാക്കി. തൊട്ടടുത്ത റൗണ്ടിലും തരൂരും ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശും ലീഡ് നില ഉയർത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർന്നു. ഇതോടെ എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്ര പരിസരത്തുനിന്ന് മടങ്ങി. തരൂരിനും അടൂർ പ്രകാശിനും മുദ്രാവാക്യം വിളികളുമായി കൂടുതൽ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ ആവേശം വാനോളമുയർന്നു.
അഞ്ചാം റൗണ്ട് എണ്ണിത്തീർന്നതോടെ തരൂർ വിജയം ഏറക്കുറെ ഉറപ്പിച്ച് ലീഡ് നില ഉയർത്തി. ഇതോടെ മൂവർണക്കൊടിയും തരൂരിന്റെയും അടൂർ പ്രകാശിന്റെയും ഫ്ലക്സുമേന്തിയ കൂടുതൽ പ്രവർത്തകർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് മുദ്രാവാക്യം വിളികളുമായി വിദ്യാനഗറിന് മുന്നിലെത്തി. തരൂരിനും അടൂർ പ്രകാശിനും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മുദ്രാവാക്യം വിളിച്ച് പ്രവർത്തകൾ സന്തോഷം പങ്കുവച്ചു. ഇടയ്ക്ക് ആന്റണിക്കും ഉമ്മൻചാണ്ടിക്കും ജയ് വിളികൾ ഉയർന്നു. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഘടകകക്ഷി പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ ആവേശം ചോരാതെ ആഹ്ലാദപ്രകടനത്തിൽ അണിചേർന്നു. അഞ്ചരയോടെ വിജയികളായ അടൂർ പ്രകാശും ശശി തരൂരും പ്രവർത്തകരുടെ ആഹ്ലാദത്തിൽ പങ്കുചേരാൻ എത്തി. ഇരുവരും എത്തിയതോടെ പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് സ്ഥാനാർത്ഥികളെ പൊതിഞ്ഞു. തുറന്ന വാഹനത്തിൽ കയറി എല്ലാവരോടും നന്ദി പറഞ്ഞ് ഇരുവരും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഒപ്പു രേഖപ്പെടുത്താൻ പോയി. പ്രവർത്തകർ വീണ്ടും മൂവർണക്കൊടി വീശി ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് തുറന്ന വാഹനത്തിലും ബൈക്കുകളിൽ കൊടി കെട്ടിയും പ്രവർത്തകർ നഗരത്തിൽ വിജയറാലി നടത്തി.