rahul-gandhi

തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ അമേതിയിൽ വൻ പരാജയം ഏറ്റുവാങ്ങിയ രാഹുലിനെ വയനാട് സീറ്റ് കേരളത്തിലെ റെക്കാഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. 4,31,542 വോട്ടാണ് വയനാട്ടിലെ ഭൂരിപക്ഷം. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രാഹുലിന് അരലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. അതേസമയം, സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേതിയിൽ 45,000 വോട്ടിനാണ് ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടത്.

2009 ൽ എം.ഐ. ഷാനവാസ് 1,53,439 വോട്ടും 2014 ൽ 20,870 വോട്ടും ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് രാഹുൽ അത്യുജ്ജ്വല വിജയം നേടിയത്. എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയത് 2,74,457 വോട്ടുകൾ മാത്രമാണ്.

2009 ൽ രാഹുൽ 3,70,198 ഭൂരിപക്ഷം നേടിയ അമേതിയിൽ 2014 ൽ 1,07,903 ആയി കുറഞ്ഞു. ഇക്കുറി 45,000 വോട്ടിന് പിന്നിലുമായി. വയനാട്ടിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഗാന്ധിക്ക് ഇക്കുറി ലോക്സഭയിൽ എത്താനാകുമായിരുന്നില്ല.

കേരളത്തിൽ രാഹുൽ ഗാന്ധി വന്നതോടെ 20 സീറ്റുകളിൽ 19ലും കോൺഗ്രസ് മുന്നണി ജയിച്ചു കയറി. കോൺഗ്രസിന് രാജ്യത്ത് രണ്ടക്ക വിജയം സമ്മാനിച്ച ഏക സംസ്ഥാനം കേരളമാണ്. രാഹുൽ ഗാന്ധി തോറ്റ ഉത്തർപ്രദേശിൽ കോൺഗ്രസ് ജയിച്ചത് കേവലം ഒരു സീറ്റിലാണ്. അതും അമ്മ സോണിയാഗാന്ധിയുടെ റായ് ബറേലി. ആകെ 80 സീറ്റുകളാണ് അവിടെയുള്ളത്.

കഴിഞ്ഞ തവണത്തെ 44 സീറ്റെന്ന ദയനീയ തോൽവിയിൽ നിന്ന് കോൺഗ്രസ് നില മെച്ചപ്പെടുത്തിയേക്കാമെങ്കിലും മോദിയുടെ മുന്നണിക്ക് വെല്ലുവിളിയാവാൻ രാഹുലിനായില്ല.

അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രാഹുൽഗാന്ധി അഭിനന്ദിച്ചു. തനിക്ക് മികച്ച ഭൂരിപക്ഷം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് രാഹുൽ നന്ദിയും പറഞ്ഞു. അമേതിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്‌മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു.