തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അല്പം പതറിയെങ്കിലും മൂന്നാമങ്കത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തിളക്കമാർന്ന ഹാട്രിക് വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിലെ ലീഡ് കൊണ്ടാണ് ജയം നേടിയതെങ്കിൽ ഹാട്രിക് വിജയം ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ മേൽക്കൈയോടെയാണ് നേടിയത്. നേമത്ത് മാത്രമാണ് തരൂരിന് കാലിടറിയത്. നെടുമങ്ങാട് എം.എൽ.എയായ ഇടതുമുന്നണിയുടെ സി. ദിവാകരന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ബി.ജെ.പിക്കും പിന്നിൽ മൂന്നാമതായാണ് ദിവാകരൻ ഫിനിഷ് ചെയ്തത്. കോവളം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നേടിയത് മാത്രമാണ് ആകെ നേട്ടം. പാറശാല, കഴക്കൂട്ടം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ കൂടി നിലനിറുത്താൻ ഇടതുമുന്നണിക്കായില്ല. ഒരു മണ്ഡലത്തിൽ പോലും ലീഡ് നേടാൻ ദിവാകരനായില്ല. കഴിഞ്ഞ തവണ ഏറെ വിവാദമായ ബെന്നറ്റ് എബ്രഹാമിന് 2.48 ലക്ഷം വോട്ടുകൾ കിട്ടിയെങ്കിൽ സി. ദിവാകരന് അതിന് അല്പം കൂടുതൽ 2.56 ലക്ഷം വോട്ടുകൾ മാത്രമാണ് നേടാനായത്.
മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബി.ജെ.പി കളത്തിലിറക്കിയത്. എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് തിരുവനന്തപുരം നഷ്ടമായത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും ലീഡ് ചെയ്ത ഒ. രാജഗോപാൽ അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴ് മണ്ഡലങ്ങളിൽ നഗരപ്രദേശത്തെ നാലിടത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു ബി.ജെ.പി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നിവിടങ്ങളിലായിരുന്നു ഒ. രാജഗോപാലിന് ലീഡെങ്കിൽ കുമ്മനത്തിന് ലീഡ് നൽകിയത് നേമം മാത്രമാണ്. കഴക്കൂട്ടവും വട്ടിയൂർക്കാവും അടക്കം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്ക് ആയില്ല. കഴിഞ്ഞ തവണ പതിനെണ്ണായിരം വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് പിടിക്കാനെ കുമ്മനത്തിനായുള്ളു. തിരുവനന്തപുരത്തും ശശി തരൂരിനോട് ഫലപ്രദമായി എതിരിടാൻ കുമ്മനത്തിന് കഴിഞ്ഞില്ല. പാറശാല, നെയ്യാറ്റിൻകര മേഖലയിൽ വൻ വോട്ട് വ്യത്യാസം ശശി തരൂർ ഉറപ്പാക്കിയതോടെയാണ് ബി.ജെ.പി തലസ്ഥാനത്തെ പിടിവിട്ടത്.