udf

തിരുവനന്തപുരം:സംസ്ഥാനത്താകെ ന്യൂനപക്ഷ ധ്രുവീകരണം യു.ഡി.എഫിനെ തുണച്ചപ്പോൾ, ശബരിമല യുവതീപ്രവേശന വിധി ആയുധമാക്കി തീവ്ര ഹൈന്ദവവികാരം ഇളക്കി വോട്ടാക്കാനുള്ള സംഘപരിവാർ നീക്കത്തെ കേരളം തള്ളിയെന്ന് തെളിയിക്കുന്നതാണ് ജനവിധി.

ശബരിമല വിഷയത്തിൽ ബി.ജെ.പി - ആർ.എസ്.എസ് തീവ്ര നിലപാടിനെ കേരളജനത നിരാകരിച്ചെന്ന് ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിച്ച തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാമതെങ്കിലും എത്തിയത്. ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയിൽ അതേറ്റവും തീക്ഷ്ണമായി ഉപയോഗിച്ചിട്ടും ശബരിമല സമരത്തിന് ജയിൽ വാസമനുഷ്ഠിച്ച കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം, ആചാരസംരക്ഷണമെന്ന ബി.ജെ.പി മുദ്രാവാക്യത്തിനൊപ്പം നിന്നപ്പോഴും സംയമനത്തിന്റെ മൃദുപാത സ്വീകരിച്ച യു.ഡി.എഫിന് അത് തുണയായി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷവികാരം യു.ഡി.എഫ് തരംഗമാക്കുന്നതിൽ രാസത്വരകമായി.

ബി.ജെ.പി വിരുദ്ധവികാരം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. യു.ഡി.എഫും എൽ.ഡി.എഫും പ്രചരണത്തിൽ ആയുധമാക്കിയത് ബി.ജെ.പി സർക്കാരിനെതിരായ വിഷയങ്ങളാണ്. അവരുടെ തീവ്രഹിന്ദുത്വ നിലപാടുകളും ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുമടക്കം സ്വാധീനം ചെലുത്തി. അഖിലേന്ത്യാതലത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണങ്ങളും സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയതും കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം വർദ്ധിപ്പിച്ചു. ബി.ജെ.പിയെ എതിരിടാൻ കോൺഗ്രസേ ഉള്ളൂവെന്ന തോന്നൽ ശക്തമാക്കാൻ എ.കെ. ആന്റണി അടക്കമുള്ളവരുടെ പ്രചാരണവും വഴിയൊരുക്കി.

ഇടതുപക്ഷത്തിന് വിനയായതും ഇതാണ്. ബി.ജെ.പിയെ എതിരിടാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നും കോൺഗ്രസിന് ബി.ജെ.പിയെ എതിരിടുന്നതിൽ വിശ്വാസ്യതയില്ലെന്നുമുള്ള സി.പി.എം പ്രചാരണം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചില്ലെന്ന് ഫലം അടിവരയിടുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വവും യു.ഡി.എഫിനെ തുണച്ചു.

ശബരിമല വിഷയത്തിൽ ബി.ജെ.പി സമരത്തിന് എൻ.എസ്.എസ് പിന്തുണ നൽകിയത് യു.ഡി.എഫ് വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന ഇടതിന്റെ കണക്കുകൂട്ടലാണ് പാളിയത്. നവോത്ഥാന നീക്കങ്ങളും ഫലിച്ചില്ല. ബി.ജെ.പിയുടേത് രാഷ്ട്രീയ മുതലെടുപ്പായി വ്യാഖ്യാനിക്കപ്പെട്ടതും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ അനവസരത്തിലുള്ള പ്രസ്താവനകളും അവർക്ക് വിനയായി. ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങണമെന്ന കെ. സുധാകരന്റെയടക്കം നിലപാടുകളെ തുണയ്ക്കാതിരുന്ന കോൺഗ്രസ് എൻ.എസ്.എസിന്റെ വിശ്വാസ്യത നേടുന്നതിലും വിജയിച്ചു. തുടക്കത്തിൽ ബി.ജെ.പിക്ക് തിരുവനന്തപുരത്തും പത്തനംതിട്ടയിലും പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് പിന്നീട് യു.ഡി.എഫിന്റേതാണ് ശരിയായ നിലപാടെന്ന് പറഞ്ഞു.

ശക്തമായ അടിയൊഴുക്കുകൾ ഇടത് പ്രതീക്ഷകളെ അട്ടിമറിച്ചെന്ന് അനുമാനിക്കാവുന്നതാണ് വിധിയെഴുത്ത്. ഇടത് പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ചുനിറുത്തിയെന്ന് വിശ്വസിച്ച സി.പി.എം, സി.പി.ഐ കേന്ദ്രങ്ങളെ ഫലം ഞെട്ടിച്ചിട്ടുണ്ട്. ശബരിമല അതിൽ പ്രതിഫലിച്ചോയെന്നതും ചോദ്യമാണ്.

നാളെ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സർക്കാരിന്റെ തിളക്കം കെടുത്തുന്നതായി തിരഞ്ഞെടുപ്പ് ഫലം. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ അലയൊലികൾ പ്രതീക്ഷിക്കാം.

ഇന്ന് ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ എക്സിക്യൂട്ടീവും വിധി അവലോകനം ചെയ്യും.