ലിസ്ബൺ : യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിനുള്ള പോർച്ചുഗൽ ഫുട്ബാൾ ടീമിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. കൗമാര താരം യാവോ ഫെലിക്സും ക്രിസ്റ്റ്യാനോയുമടങ്ങുന്ന 23 അംഗ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജൂൺ അഞ്ചിന് നടക്കുന്ന സെമിഫൈനലിൽ സ്വിറ്റ്സർലൻഡിനെയാണ് പോർട്ടോയിൽവച്ച് പോർച്ചുഗൽ നേരിടുന്നത്. ഇംഗ്ളണ്ടും ഹോളണ്ടും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ജൂൺ 9ന് പോർട്ടോയിൽ തന്നെയാണ് ഫൈനലും.
പെപ്പെ, യാവോ കാൻസെലോ, യാവോ മുടീഞ്ഞോ, ബെർണാഡോ, സിൽവ, തുടങ്ങിയവരും പോർച്ചുഗീസ് ടീമിലുണ്ട്.
നരീന്ദർ ബത്ര
ഐ.ഒ.സിയിലേക്ക്
ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടാനൊരുങ്ങുന്നു. ബത്രയടക്കം ഒൻപത് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നാമനിർദ്ദേശം ഐ.ഒ.സി എക്സിക്യൂട്ടീവ് കമ്മിറ്റി സമർപ്പിച്ചു. അടുത്തമാസം ചേരുന്ന കമ്മിറ്റി ഇതിൽ ജൂൺ 26ന് തിരഞ്ഞെടുപ്പ് നടത്തും. ബത്ര തിരഞ്ഞെടുപ്പിൽ ഐ.ഒ.സിയിലെ ഇന്ത്യക്കാരുടെ എണ്ണം രണ്ടാകും. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബനി 2016 ൽ ഐ.ഒ.സി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഖത്തർ ലോകകപ്പിൽ
32 ടീമുകൾ തന്നെ
ലോസനെ : 2022 ൽ ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിൽ 48 ടീമുകളെ ഉൾക്കൊള്ളിക്കാനുള്ള ആലോചന ഫിഫ തള്ളി. പതിവുപോലെ 32 ടീമുകളടങ്ങുന്ന ലോകകപ്പ് തന്നെയാകും ഖത്തറിലെന്ന് ഇന്നലെ ചേർന്ന ഫിഫ ഗവേണിംഗ് ബോഡി തീരുമാനിച്ചു. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയാണ് 48 ടീമുകളുടെ ലോകകപ്പ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2022 ലെ ആതിഥേയരായ ഖത്തറും ഇതിനോട് അനുകൂലമായി പ്രതികരിച്ചു. അയൽ രാജ്യങ്ങളുമായി വേദി പങ്കിട്ടാൽ മാത്രമേ ഇത് നടപ്പിലാക്കാനാകൂവെന്നതിനാലാണ് ഫിഫയ്ക്ക് ഇത് ഉപേക്ഷിക്കേണ്ടിവന്നത്. മറ്റ് അറബ് രാജ്യങ്ങൾ ഖത്തറുമായി ഉപരോധത്തിലായതാണ് പ്രശ്നമായത്.
ടെർ സ്റ്റെഗന് പരിക്ക്
ബാഴ്സലോണ : നാളെ വലൻസിയയ്ക്കെതിരെ നടക്കുന്ന സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലിൽ ബാഴ്സലോണയുടെ ഗോൾ കീപ്പർ ആന്ദ്രേ ടെർസ്റ്റെഗൻ കളിക്കില്ല. കാൽമുട്ടിലേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തതാണ് കാരണം. ജാസ്പർ സില്ലെസെനാകും മത്സരത്തിൽ ബാഴ്സയുടെ വല കാക്കുക.