s

അമ്പലപ്പുഴ: തകഴി മൂന്നാം വാർഡിൽ ചിറയകത്തുള്ള ബിവറേജസ് ഷോപ്പിൽ ഇന്നലെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഇന്നലെ രാത്രി 10.15 ഓടെയാണ് തീ പിടിച്ചത്. കെട്ടിടത്തിന് പിന്നിലെ ചപ്പുചവറുകൾക്ക് ആരോ തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വോട്ടെണ്ണൽ കാരണം ഇന്നലെ മദ്യശാലയ്ക്ക് അവധിയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വന്ന അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വലിയ ശബ്ദത്തോടെ മദ്യക്കുപ്പികൾ പൊട്ടിത്തെറിച്ചു കൊണ്ടിരുന്നതിനാൽ കെട്ടിടത്തിന് സമീപത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് പ്രയാസം നേരിട്ടു. മദ്യക്കുപ്പികൾ പൊട്ടി റോഡിലേക്കൊഴുകി. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാത്ത, ഓടുമേഞ്ഞ പഴയ കെട്ടിടത്തിലാണ് മദ്യ വില്പനശാല പ്രവർത്തിക്കുന്നത്. ഫയർ ആന്റ് സേഫ്ടിയുടെ ലൈസൻസും ഇല്ലെന്നറിയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന മദ്യം മുഴുവൻ നഷ്ടമായി.