prathikal
ആഡംബരകാറിൽ ഹാഷിഷും കഞ്ചാവും കടത്തുന്നതിനിടെ പിടിയിലായ എറണാകുളൺ സ്വദേശികളായ മനുവിൽസൺ, അൻവർ സാദത്ത്, രാജു എന്നിവർ. പിടികൂടിയ ഹാഷിഷും കഞ്ചാവും കാറിൽ നിന്ന് കണ്ടെത്തിയ വടിവാളുമാണ് സമീപം

തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് ആഡംബരകാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന പന്ത്രണ്ടുകോടി രൂപ വിലവരുന്ന 11.5 കിലോ ഹാഷിഷും രണ്ടര കിലോ കഞ്ചാവുമായി മൂന്നംഗസംഘത്തെ എക്സൈസ് പിടികൂടി. എറണാകുളം സ്വദേശികളായ മനുവിൽസൺ, അൻവർ സാദത്ത്, രാജു എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 8 മണിയോടെ കഴക്കൂട്ടം- കോവളം ബൈപ്പാസിൽ ആനയറ ലോർഡ്സ് ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ വച്ചാണ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ആഡംബര കാറിന്റെ ഡിക്കിയിൽ രണ്ട് ഭാഗത്തായുള്ള രഹസ്യ അറയിൽ പ്രത്യേകം പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷും കഞ്ചാവും .

car
പന്ത്രണ്ടുകോടിരൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും കടത്താനുപയോഗിച്ച ആഡംബര കാർ. കാറിന്റെ ഡിക്കിയിൽ കടത്താനുപയോഗിച്ച രഹസ്യഅറയും കാണാം

കാറിനുള്ളിൽ നിന്ന് സ്വയരക്ഷയ്ക്കായി ഇവർ കരുതിയിരുന്ന വടിവാളും കണ്ടെത്തി. ആന്ധ്ര കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് നടത്തുന്ന സംഘത്തിലെ അംഗമാണ് മനുവിത്സൺ. ഇയാളും കൂട്ടാളിയായ നെടുങ്കണ്ടം സ്വദേശിയും ചേർന്ന് തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർ‌ത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തിന് കൈമാറാനായി എത്തിച്ചതാണ് ഇതെന്നാണ് ലഭിച്ച വിവരം. അൻവർ സാദത്തിനും രാജുവിനും ഒരു ലക്ഷം രൂപവീതം പ്രതിഫലം വാഗ്ദാനം ചെയ്താണ് കൂടെക്കൂട്ടിയത്. വെള്ളിയാഴ്ച കാർ മാർഗം ആന്ധ്രയിലെത്തിയ സംഘം ഇന്നലെയാണ് മയക്കുമരുന്നുമായി ഇടുക്കിയിലെത്തിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയശേഷം നെടുങ്കണ്ടം സ്വദേശി അറിയിക്കുന്നതനുസരിച്ച് തലസ്ഥാനത്തെ ഒരു മയക്കുമരുന്ന് സംഘത്തിന് ഹാഷിഷും കഞ്ചാവും കൈമാറാനായിരുന്നു നിർദേശം. എന്നാൽ തിരുവനന്തപുരം നഗരത്തിലെത്തുംമുമ്പേ സംഘം എക്സൈസിന്റെ പിടിയിലാകുകയായിരുന്നു. ഇതോ കാറിൽ നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സംഘം എക്സൈസിനോട് സമ്മതിച്ചു. കാറിൽ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നാണെന്ന് പേട്ട പൊലീസ് സി.ഐയുടെയും ഫോറൻസിക് വിദഗ്ദരുടെയും സഹായത്തോടെ സ്ഥിരീകരിച്ചശേഷം അറസ്റ്റ് ചെയ്ത മൂവരെയും ചോദ്യം ചെയ്യാനായി എക്സൈസ് ഓഫീസിലേക്ക് മാറ്റി. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാനുപയോഗിച്ച കാറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും കാറിന്റെ ഡിക്കിയിൽ രഹസ്യ അറ നിർമ്മിച്ചവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.