തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ നാണംകെട്ട തോൽവിയിൽ സി.പി.ഐയുടെ രോഷം സി.പി.എമ്മിനോട്. ഇടതുമുന്നണിയിൽ ഇത് പൊട്ടിത്തെറിക്ക് ഇടയാക്കും. സർക്കാരിന്റെ പ്രവർത്തന ശൈലിയിൽ മാറ്രം വരുത്തണമോ കാര്യത്തിൽ ഇന്ന് ചേരുന്ന സി.പി.ഐ നേതൃയോഗം ഗൗരവമായ ആലോചന നടത്തും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ പിന്നീട് ചേരുന്ന യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക. മോദിക്കെതിരായി ന്യൂനപക്ഷങ്ങളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായതു മാത്രമല്ല പരാജയ കാരണമെന്നാണ് സി.പി.ഐയുടെ പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തോടുമുള്ള അതൃപ്തിയുണ്ടോ എന്ന് പരിശോധിക്കും. നവോത്ഥാനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് സ്ത്രീകളുൾപ്പെടെയുള്ളവരെ അണിനിരത്തി മതിൽ കെട്ടിയിട്ടും സ്ത്രീകളടക്കമുള്ള വോട്ടർമാർ ഇടതുമുന്നണിയെ കൈയൊഴിഞ്ഞത് എന്താണെന്ന് ചിന്തിക്കണമെന്നാണ് പാർട്ടി നിലപാട് എന്നറിയുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ അപാകതയുണ്ടോ എന്നും പരിശോധിക്കും. ശബരിമല വിഷയം കൈകാര്യം ചെയ്തത് സർക്കാരാണ്.
സർക്കാരിൽ സി.പി.ഐ പ്രതിനിധികൾ ഉണ്ടെങ്കിലും തീരുമാനമെടുത്തതിൽ പാളിച്ചകളുണ്ടോ എന്ന് വിലയിരുത്തും. ശബരിമല വിഷയം കൈകാര്യം ചെയ്ത കാര്യം മുന്നണിയിൽ വന്നത് ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചതിന് ശേഷമാണെന്ന് ഒരു പ്രമുഖ സി.പി.ഐ നേതാവ് 'കേരള കൗമുദി ഫ്ലാഷി'നോട് പറഞ്ഞു.
ഇടതുപാർട്ടികളുടെ ജനപിന്തുണയിൽ കാര്യമായി ഇടിവുണ്ടായിട്ടുണ്ട്. മുമ്പും ഇടതുപക്ഷം തോറ്രിറ്രുണ്ട്. എന്നാൽ അന്നൊന്നും ഇത്ര വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. 57ലെ ആദ്യ വിജയ സമയത്തുണ്ടായിരുന്ന വോട്ട് ശതമാനം പിന്നീടൊക്കെ ഇടതുപക്ഷം നിലനിറുത്തിയിരുന്നു.എന്നാൽ ഇത്തവണ കാര്യമായ കുറവുണ്ടായി. ഇത്ര വലിയ തിരിച്ചടി ഉണ്ടാകും എന്നു മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ലെന്നും സി.പി.ഐ വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ പല രൂപത്തിൽ സി.പി.ഐ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വരുംദിവസങ്ങളിൽ പുറത്തുവന്നേക്കാം.