പാരീസ്: കരുത്തനായ അവന്റെ കരവലയത്തിൽ ഒതുങ്ങുമ്പോൾ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വബോധമുണ്ടാവുന്നു. ഞാൻ എന്തുചെയ്താലും അവൻ സഹിക്കും. ഇങ്ങനെ വേണം ഭർത്താക്കന്മാരായാൽ. തെക്കൻ ഫ്രാൻസുകാരിയായ ജോസി റോസ് തന്റെ ഭർത്താവിനെക്കുറിച്ച് വിവരിക്കുന്നതാണിത്. ഭർത്താവ് ആരെന്നറിയുമ്പോൾ ഞെട്ടരുത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഉഗ്രനൊരു പാലം. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
യാത്രയിലാണ് റോസ് പാലം കാണുന്നതും പ്രണയത്തിലാവുന്നതും. സൗന്ദര്യം തന്നെയാണ് കൂടുതൽ ആകർഷിച്ചത്. എല്ലാം സഹിച്ച് പുഞ്ചിരിയോടെ നീണ്ടുനിവർന്നുള്ള ആ കിടപ്പു കണ്ടപ്പോൾ മറ്റൊരാളെ ഇഷ്ടപ്പെടാൻ തോന്നിയില്ലെന്നാണ് റോസ് പറയുന്നത്. നീണ്ടനാളത്തെ ആലോചനകൾക്കുശേഷമാണ് വിവാഹത്തിന് തീരുമാനിച്ചത്.
ഇതറിഞ്ഞതോടെ ബന്ധുക്കൾ വാളെടുത്തു. മര്യാദയ്ക്ക് ഏതെങ്കിലും ഒരാളെ വിവാഹം ചെയ്താൽ മതിയെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടത്. പക്ഷേ, പിന്മാറാൻ റോസ് ഒരുക്കമായിരുന്നില്ല.
അടിപൊളിയായി തന്നെ വിവാഹവും നടന്നു. റോസിനെ അനുകൂലിക്കുന്ന കുറച്ചുപേർ മാത്രമായിരുന്നു ചടങ്ങിനെത്തിയത്. വിവാഹശേഷം വലിയൊരു വിവാഹ മോതിരവും റോസ് പാലത്തിൽ അണിയിച്ചു. ലോഹത്തിൽ തയ്യാറാക്കിയ മോതിരം പാലത്തിൽ ഉറപ്പിക്കുകയായിരുന്നു.
ഭർത്താവിൽ നിന്ന് എല്ലാ സുഖങ്ങളും ലഭിക്കുന്നുണ്ടെന്നാണ് റോസ് പറയുന്നത്. വിവാഹം നിയമപരമാക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ജീവനില്ലാത്ത ഒന്നിനെ വിവാഹം കഴിക്കാൻ ഫ്രാൻസിലെ നിയമം അനുവദിക്കുന്നില്ല എന്നുതന്നെ കാരണം. നിയമം അനുവദിച്ചില്ലെങ്കിലും ശേഷിക്കുന്ന ജീവിതത്തിലുടനീളം തന്റെ ഭർത്താവ് പാലം മാത്രമാണെന്നാണ് റോസിന്റെ ഉറച്ച തീരുമാനം.