bjp

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഇത്തവണയും താമര വിരിയാത്തതിനെ തുടർന്ന് സംഘപരിവാറിൽ പ്രതിസന്ധി. വിജയം നേടാൻ കഴിയാത്തതിൽ ആർ.എസ്.എസ് പ്രതിക്കൂട്ടിലാവുകയാണ്. ഇത് കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തിൽ ദൂരവ്യാപക ഫലങ്ങൾക്ക് കാരണമായേക്കും. വോട്ട് വിൽക്കുന്ന പാർട്ടി എന്ന ദുഷ്പേരിൽ നിന്നും കഴിഞ്ഞ ഒരു ദശകത്തോളമായി മോചനം ലഭിച്ച ബി.ജെ.പിക്ക് കേരളത്തിൽ വീണ്ടും ശനി കാലമാണ് ലോകാസഭാ തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. ഈ ദുഃസ്ഥിതിക്ക് കാരണം കേരളത്തിലെ ഒരു വിഭാഗം ആർ.എസ്.എസ് നേതാക്കളായിരുന്നുവെന്ന് ബി.ജെ.പിയിലെ പ്രമുഖ നേതാക്കളെല്ലാം ഗ്രൂപ്പിനതീതമായി ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഫണ്ട് വിനിയോഗം വരെ കൈപ്പിടിയിലൊതുക്കിയ ആർ.എസ്.എസ് നേതാക്കൾ എല്ലാ മണ്ഡലങ്ങളിലും ഒട്ടേറെ അസംതൃപ്തരെ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് ഒരു പ്രമുഖ ബി.ജെ.പി നേതാവ് 'ഫ്ലാഷി'നോട് പറഞ്ഞു. ജനപിന്തുണയും പരിചയ സമ്പത്തുമുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അടുപ്പിച്ചില്ലത്രെ. പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എം.എസ്.കുമാർ, ബി.രാധാകൃഷ്ണമേനോൻ, എൻ.ശിവരാജൻ, പി.രഘുനാഥ്, ബി .ഗോപാലകൃഷ്ണൻ, പി.എം. വേലായുധൻ, കെ. കെ.സുരേന്ദ്രൻ, രേണു സുരേഷ് തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളെ സ്വന്തം ജില്ലയിലുൾപ്പെടെ പ്രധാന പ്രവർത്തനങ്ങളിലൊന്നും പങ്കെടുപ്പിച്ചില്ല. വി.മുരളീധരൻ എം.പിയാകട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതലയുമായി ആന്ധ്രയിലുമായിരുന്നു.

കുമ്മനം രാജശേഖരൻ പ്രസിഡന്റായ 2015ന് ശേഷമായിരുന്നു ആർ.എസ്.എസിലെ ഒരു വിഭാഗം കേരള ബി.ജെ.പിയെ തങ്ങളുടെ വരുതിയിലാക്കിയത്. അന്നത്തെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ.ആർ. ഉമാകാന്തനെ മാറ്റി എം.ഗണേഷിനെ കൊണ്ടുവന്നു. വിദ്യാർത്ഥി സംഘടന പ്രവർത്തനം മുതൽ താഴെ തട്ട് വരെ നല്ല പ്രവർത്തന പരിചയമുള്ള നേതാവായിരുന്നു ഉമാകാന്തൻ. ബി.ജെ.പിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന രീതി ആർ.എസ്.എസിനില്ല. പാർട്ടിക്ക് ഗുണകരമാകുന്ന രീതിയിൽ സമ്പർക്കം നടത്തുക, പ്രവർത്തകരെ സജ്ജരാക്കുക, തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ബി.ജെ.പിയുമായി കൈകോർക്കുക എന്നതാണ് ആർ.എസ്.എസ് രീതി. ഇതാണ് യു .പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നത്. അവിടെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.

എന്നാൽ ബൂത്ത് പ്രസിഡന്റുമാരെ മുതൽ സംസ്ഥാന അദ്ധ്യക്ഷനെ വരെ നിശ്ചയിക്കുന്ന ചുമതല കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങളായി പ്രവർത്തന രംഗത്തുള്ള ബി.ജെ.പി പ്രവർത്തകരെ ഇത് നിരാശരാക്കി. സ്ഥാനാർത്ഥി നിർണയത്തിലും പൂർണമായും തീരുമാനമെടുത്തത് ആർ.എസ്.എസ് ആയിരുന്നു. ഗവർണർ സ്ഥാനം രാജിവയ്പ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയതും ആർ.എസ്.എസ് തന്നെ. ഇത് പൊതുസമൂഹത്തിന്റെ വോട്ട് നേടുന്നതിന് പ്രതിബന്ധമാകുകയും ചെയ്തു.

അതേസമയം, പാർട്ടി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, പി.എം.വേലായുധൻ, രേണു സുരേഷ്, കെ.കെ.സുരേന്ദ്രൻ എന്നിവരെ സ്ഥാനാർത്ഥികളാക്കാതിരുന്നതും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചു. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവരെ ഉത്തര കേരളത്തിലെ പ്രധാന സീറ്റുകളിൽ സ്ഥാനാർത്ഥികളാക്കണമെന്ന ആവശ്യം നിരസിക്കുകയായിരുന്നു. ഈ തീരുമാനങ്ങളൊക്കെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തുവെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.