pc-george

കോട്ടയം: പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പരാജയം പി.സി.ജോർജിന് തിരിച്ചടിയാവും. ന്യൂനപക്ഷ വോട്ടർമാരെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയിൽ ജോർജിന് മുന്നണിയിൽ പ്രവേശനം നല്കിയ ബി.ജെ.പി അതൃപ്തിയിലാണ്. സുരേന്ദ്രൻ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ ജയിക്കുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നുമായിരുന്നു ജനപക്ഷം നേതാവ് പി.സി.ജോ‌ർജിന്റെ അവകാശവാദം. എന്നാൽ സുരേന്ദ്രൻ തോറ്റു എന്നുമാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയും ചെയ്തു. ഇതാണ് പി.സി.ജോർജിന് തിരിച്ചടിയായിരിക്കുന്നത്.

44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയക്കൊടി പാറിച്ചത്. കഴിഞ്ഞദിവസം പി.സി.ജോർജിന്റെ വീടിനുനേരെ ആക്രമണവും ഉണ്ടായി. വരാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ മകൻ ഷോൺ ജോർജിന് എൻ.ഡി.എ ടിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ട പി.സി.ജോർജിന് ഇത് തിരിച്ചടിയായി. പാലായിൽ ഷോണിനെ സ്ഥാനാർത്ഥിയാക്കാനുള്ള അണിയറ നീക്കം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേന്ദ്രന്റെ ദയനീയ പരാജയം.

സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ പോലും ബി.ജെ.പിക്ക് കൈതാങ്ങാവാൻ ജോർജിനായില്ല. പൂഞ്ഞാറിലും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 61,530 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കിയപ്പോൾ ബി.ജെ.പിക്ക് ലഭിച്ചത് ഇതിന്റെ പകുതി വോട്ട് മാത്രം. അതായത് 30.990 വോട്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജാവട്ടെ 43,601 വോട്ടുകൾ നേടി.

തനിക്ക് മേധാവിത്വം ഉണ്ടെന്ന് ജോർജ് അവകാശപ്പെട്ട കാഞ്ഞിരപ്പള്ളിയിലും സ്ഥിതി മറിച്ചല്ല. കാഞ്ഞിരപ്പള്ളിയിൽ എൽ.‌ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് 45,587 വോട്ട് നേടിയപ്പോൾ സുരേന്ദ്രന് 36,628 വോട്ട് മാത്രമേ നേടാനായുള്ളു. ആന്റോയ്ക്കാവട്ടെ 55,330 വോട്ടും ലഭിച്ചു. റാന്നിയിലും സ്ഥിതി മറിച്ചല്ലായിരുന്നു. 39,560 വോട്ട് മാത്രമേ റാന്നിയിൽ ബി.ജെ.പിക്ക് നേടാനായുള്ളു. 50,755 വോട്ട് ആന്റോ നേടിയപ്പോൾ 42,931 വോട്ടാണ് എൽ.ഡി.എഫ് നേടിയത്. ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. കോന്നിയിൽ മാത്രമാണ് രണ്ടാം സ്ഥാനക്കാരിയായ വീണാ ജോർജിനൊപ്പം കഷ്ടിച്ച് എത്താനായത്. കോന്നിയിൽ വീണയ്ക്ക് 46,946 വോട്ട് കിട്ടിയപ്പോൾ സുരേന്ദ്രന് 46,506 വോട്ട് മാത്രമാണ് ലഭിച്ചത്.