പാ​റ​ശാ​ല​:​ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇ​ന്ന​ലെ​ ​സ​ന്ധ്യ​യ്ക്ക് ​ഏ​ഴ് ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ വീടിന് സമീപത്തെ വാഴപ്പണയിലാണ് ശരീരത്താകമാനം പൊള്ളലേറ്റ നിലയിൽ ​പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ പാറശാല ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

പഠിക്കുന്ന സമയത്ത് ടിവി കണ്ടതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തെ തുടർന്നാണ് സംഭവമെന്നാണ് ലഭിച്ച വിവരമെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അറിയിച്ചു. എന്നാൽ രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുന്ന കുട്ടിക്ക് വീട്ടിൽ നേരിട്ട മാനസിക പ്രയാസമാണ് സംഭവത്തിന് കാരണമെന്ന് അയൽക്കാർ ആരോപിക്കുന്നു. ര​ണ്ടു​വ​ർ​ഷം​ ​മു​ൻ​പ് ​പെ​ൺ​കു​ട്ടി​ ​പാ​റ​ശാ​ല​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന​ടു​ത്ത് ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ചി​രു​ന്നതായി നാ​ട്ടു​കാ​ർ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അതേപ്പറ്റി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഏതാനും വർഷം മുമ്പ് മരണപ്പെട്ടശേഷമാണ് അൺഎയ്ഡഡ് സ്കൂൾ അദ്ധ്യാപികയായ മാതാവ് രണ്ടാം വിവാഹം ചെയ്തത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുകാർക്ക് കൈമാറും. പാറശാല പൊലീസ് കേസെടുത്തു.