ന്യൂഡൽഹി: ബി.ജെ.പിയെ തോല്പിക്കാൻ പ്രതിപക്ഷം മഹാസഖ്യം ഉണ്ടാക്കിയ ഉത്തർപ്രദേശിൽ പ്രതിപക്ഷ നീക്കം ബി.ജെ.പി തടഞ്ഞത് പോൾ ചെയ്ത വോട്ടിന്റെ പകുതിയോളം സമാഹരിച്ച്. കഴിഞ്ഞ തവണ പ്രതിപക്ഷം വിഘടിച്ചു നിന്നപ്പോൾ കിട്ടിയതിനേക്കാൾ പത്ത് സീറ്രുമാത്രമേ ബി.ജെ.പിക്ക് ഇത്തവണ കുറഞ്ഞുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 62 പേരാണ് ബി.ജെ.പി ടിക്കറ്രിൽ ഉത്തർപ്രദേശിൽ നിന്ന് ജയിച്ചു കയറിയത്. ബി.എസ്.പിക്ക് പത്തും സമാജ് വാദി പാർട്ടിക്ക് അഞ്ചും സീറ്രാണ് ലഭിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാദളിന് രണ്ട് സീറ്ര് ലഭിച്ചു. സോണിയാ ഗാന്ധി ജയിച്ച റായ്ബറേലിയാണ് കോൺഗ്രസിന് ലഭിച്ച ഏക സീറ്ര് . കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാവട്ടെ ഉത്തർപ്രദേശിലെ അമേതിയിൽ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് തോൽക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 49.56 ശതമാനം വോട്ടാണ് ലഭിച്ചത്. ബി.എസ്. പിക്ക് 19.26 ശതമാനം വോട്ടും എസ്.പിക്ക് 18 ശതമാനം വോട്ടും ലഭിച്ചു. പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന് കിട്ടിയതാകട്ടെ 6.31 ശതമാനം വോട്ടും.
തൃണമൂലിന് കനത്ത ഭീഷണി ഉയർത്തിയ ബി.ജെ.പി പശ്ചിമബംഗാളിലെ 42 സീറ്രിൽ 18 സീറ്ര് പിടിച്ചെടുത്തു. തൃണമൂലിന് 22 സീറ്റും കോൺഗ്രസിന് രണ്ട് സീറ്രും ലഭിച്ചു. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം മൂന്ന് ശതമാനം മാത്രമായി. തൃണമൂലിന് 43.3 ശതമാനം വോട്ട് കിട്ടിയപ്പോൾ ബി.ജെ.പി 40.3 ശതമാനം വോട്ട് നേടി. തൃണമൂലിന് വോട്ട് വർദ്ധിക്കുകയാണ് ചെയ്തത്. സി.പി.എമ്മിന് സീറ്രൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല ആകെ കിട്ടിയത് 6.28 ശതമാനം വോട്ട് മാത്രം. സി.പി.ഐക്ക് 0.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് 5.61 ശതമാനം വോട്ടാണ് കിട്ടിയത്. ബി.ജെ.പി പിടിച്ചത് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടാണെന്ന് വ്യക്തം
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് 7 സീറ്രിൽ ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല 18.11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഡൽഹിയിലെ ഏഴ് സീറ്റിൽ ഏഴും നേടിയ ബി.ജെ.പിക്ക് 56.56 ശതമാനം വോട്ടും ലഭിച്ചു. ഡൽഹിയിൽ കോൺഗ്രസിന് 22.5 ശതമാനം വോട്ടും ബി.എസ്. പി ക്ക് ഒരു ശതമാനം വോട്ടുമാണ് കിട്ടിയത്.
ത്രിപുരയിൽ സംസ്ഥാനത്തെ കോൺഗ്രസ് ഘടകമായിരുന്നു ബി.ജെ.പിയായി മാറിയത് എന്നാണ് സി.പി.എം ആരോപിച്ചത്. എന്നാൽ രണ്ടു ലോക്‌സഭാ സീറ്രും നേടിയ ബി.ജെ.പിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് വന്നത് കോൺഗ്രസാണ്. ബി.ജെ.പി 49 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 25.34 ശതമാനം വോട്ട് നേടി. സി.പി.എമ്മിന് കിട്ടിയത് 17.31 ശതമാനം മാത്രം. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 66 ശതമാനം വോട്ടുണ്ടായിരുന്നു. കോൺഗ്രസിന് 15 ശതമാനം മാത്രവും.