കിളിമാനൂർ: സ്വർണ്ണം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് 2 മാസം പ്രായമുള്ള ആൺകുഞ്ഞിനെയും കൊണ്ട് ബന്ധു പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ 3 ന് കുട്ടിയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കിളിമാനൂർ സ്വദേശിനിയാണ് കുട്ടിയുടെ അമ്മ. ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് കുട്ടിയുടെ അമ്മയുടെ അനുജത്തി സ്വർണ്ണം വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടു പോയത്. വൈകിട്ട് 5ന് ഫോൺ വിളിച്ച് അവർ എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ ഉടൻ തിരിച്ചു വരുമെന്നാണ് പറഞ്ഞത്. അതിനു ശേഷം അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രിയായതോടെ കിളിമാനൂർ പൊലീസിൽ കുട്ടിയുടെ വീട്ടുകാർ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരികെ കിട്ടിയത്. കൂടുതൽ വിവരങ്ങളറിയാൻ ബന്ധുവിനെ ചോദ്യം ചെയ്യും.