editorial-

മഹാനേട്ടത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ബി.ജെ.പിയും തോൽവിയുടെ അഗാധ ഗർത്തത്തിൽ വീണുപോയ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഒരുപോലെ ഭാവിപരിപാടികളെക്കുറിച്ചുള്ള ആലോചനകളിലാണിപ്പോൾ.

പുതിയൊരു ഇന്ത്യ നൽകിയ അത്യുജ്ജ്വല വിജയത്തിൽ വിനയാന്വിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് ഒന്നടങ്കം പ്രണാമം അർപ്പിച്ചുകഴിഞ്ഞു. രാജ്യത്ത് രണ്ട് ജാതികളേ ഉള്ളൂ - പാവപ്പെട്ടവരും സമ്പന്നരും. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു ചേർന്ന പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞ ഈ വാക്കുകൾ അധികാരത്തിലേറാൻ പോകുന്ന തന്റെ പുതിയ ഗവൺമെന്റിന്റെ ആപ്തവാക്യമാകട്ടെ എന്ന് ആശിക്കാം. വോട്ടർമാർ കനിഞ്ഞു നൽകിയ ഈ വമ്പിച്ച ഭൂരിപക്ഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കുള്ള അടിസ്ഥാന ശിലയാകുമെന്ന അദ്ദേഹത്തിന്റെ നിലപാട് സാധിതമാകണമെങ്കിൽ ഭരണത്തിന്റെ ശൈലിയിലും സമീപനങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഈ പശ്ചാത്തലത്തിൽ രണ്ടാം ഊഴത്തിൽ തന്റെ സർക്കാരിൽ നിന്ന് ദുരുദ്ദേശ്യത്തോടു കൂടിയതോ ജനങ്ങളെ ദ്രോഹിക്കുന്നതോ ആയ യാതൊന്നും ഉണ്ടാവുകയില്ലെന്ന പ്രതിജ്ഞയ്ക്കുമുണ്ട് ഏറെ സാംഗത്യം. മാനംമുട്ടേയുള്ള വിജയത്തിൽ അതിരുകടന്നു ആഹ്ലാദം കൊള്ളുന്ന ഭരണപക്ഷക്കാർ സദാ ഓർക്കേണ്ട വാക്കുകളാണിത്. കഴിഞ്ഞ കാലത്തു സംഭവിച്ച തെറ്റുകുറ്റങ്ങൾ വിലയിരുത്താനും തിരുത്താനുമുള്ള നല്ല അവസരം കൂടിയാണിത്. ഒഴിവാക്കേണ്ടിയിരുന്ന ഒട്ടേറെ വിവാദ പ്രശ്നങ്ങൾ മോദിയുടെ ഒന്നാം ഭരണകാലത്തുണ്ടായി. ഭരണനേതൃത്വം കണ്ണടച്ചു കൊടുത്തതുകൊണ്ടു മാത്രമാണ് അവയിൽ പലതും ജനങ്ങൾക്കിടയിൽ ഭിന്നിപ്പും കാലുഷ്യവും സൃഷ്ടിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളേണ്ട ഭരണകൂടം തന്നെ വിഭാഗീയത വളർത്തുന്ന ചെയ്തികളിലേർപ്പെട്ടാൽ ഫലം എന്താകുമെന്നതിന് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ശക്തവും ഐശ്വര്യസമൃദ്ധവുമായ ഇന്ത്യയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുമെന്ന പ്രതിജ്ഞ അർത്ഥവത്താകുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾ മൊത്തം ജനങ്ങളുടെ ക്ഷേമം മുൻനിറുത്തിയുള്ളതാകുമ്പോഴാണ്.

ജനങ്ങൾ നൽകിയ ഐതിഹാസിക വിജയത്തിനു പകരമായി അവർ കാംക്ഷിക്കുന്നത് നല്ല ഭരണം തന്നെയാണ്. ഔപചാരിക നടപടികൾ പൂർത്തിയായാലുടൻ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച നടപടികൾക്കു തുടക്കമാകും. ഒറ്റയ്ക്കു തന്നെ ആവശ്യത്തിലേറെ ഭൂരിപക്ഷം നേടാനായെങ്കിലും സഖ്യകക്ഷികൾ കൂടി ഉൾപ്പെടുന്ന മന്ത്രിസഭയാകും അധികാരമേൽക്കുക. അതു തന്നെയാണു വേണ്ടതും. മന്ത്രിസഭാ രൂപീകരണത്തിൽ എല്ലാ മേഖലകൾക്കും ജനവിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം നൽകാൻ കഴിയണം. കേരളവും തമിഴ്‌നാടും ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ നിന്ന് എൻ.ഡി.എ മെമ്പർമാരാരും ലോക്‌സഭയിൽ എത്തിയിട്ടില്ലാത്തതിനാൽ മന്ത്രിസഭയിൽ ഇവിടങ്ങളിൽ നിന്ന് ആർക്കും അവസരം ആദ്യഘട്ടത്തിൽ ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാം. പ്രാദേശികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാകും അത്തരം നീക്കങ്ങൾ. രാഷ്ട്രീയമായും അധാർമ്മികമായ നടപടിയായിരിക്കുമിത്. തിരഞ്ഞെടുപ്പിലെ കാലുഷ്യവും വേർതിരിവുകളുമൊക്കെ വോട്ടെടുപ്പ് കഴിഞ്ഞതോടെ വിസ്‌മൃതിയിലാകേണ്ടതാണ്. കേന്ദ്രഭരണത്തിലെ ഭരണ പങ്കാളിത്തം സംസ്ഥാനങ്ങളുടെ അവകാശമായി മാറുന്ന സംവിധാനം ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കും.

വിജയ പരാജയങ്ങൾ സൂക്ഷ്മമായി വിലയിരുത്തി തകർച്ചയും വീഴ്ചയുമൊക്കെ തലനാരിഴകീറി വിശകലനം ചെയ്യുന്ന തിരക്കിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ. സ്വാഭാവികമായും പരാജിതർക്കാവും ഏറെ വിലയിരുത്താനുണ്ടാവുക. പാർട്ടികളെ നയിക്കുന്നവരിൽ ഈ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കാനിടയുള്ള അപമാനത്തിന്റെ ഭാരം ഏറ്റവും കവിഞ്ഞ തോതിൽത്തന്നെയാകും. ദേശീയ കക്ഷിയായ കോൺഗ്രസിന് ഇക്കുറിയും പടുകുഴിയിൽ നിന്നു കരകയറാനായില്ലെന്നത് ആ പാർട്ടിയുടെ നേതൃത്വത്തിനെതിരെ വിമർശനങ്ങളുടെ മൂർച്ച കൂട്ടിയേക്കാം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അദ്ധ്യക്ഷൻ സ്ഥാനത്യാഗത്തിന് ഒരുങ്ങിയതായി വാർത്ത വന്നിരുന്നു. മുതിർന്ന നേതാക്കളെല്ലാം ചേർന്ന് ഈ സാഹസത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചുവത്രെ. ഒരാളുടെ രാജികൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമൊന്നുമല്ല. കോൺഗ്രസ് ഇപ്പോൾ നേരിടുന്നത് തകർച്ചയിൽ നിന്ന് പാർട്ടിയെ എങ്ങനെ കരകയറ്റാമെന്നാണ് ആലോചിക്കേണ്ടത്. വട്ടം കൂടിയിരുന്ന് കരഞ്ഞിട്ട് ഒന്നും നേടാനില്ല.