വാഷിംഗ്ടൺ: ഒടുവിൽ കാമുകീകാമുകന്മാരെ കൈയോടെ പൊക്കി. ചിത്രവും എടുത്തു. സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ട്രിഫാനി ട്രംപും കാമുകൻ മൈക്കൾ ബൊലോസുമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ ഫോട്ടോഗ്രാഫർമാർമാരുടെ കണ്ണിലുടക്കിയത്.
ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും കാര്യമായ ഫോട്ടോകളൊന്നും ലഭിച്ചിരുന്നില്ല. ആ വിഷമം ഫോട്ടോഗ്രാഫർമാർ ശരിക്കും തീർത്തു. കാമറകൾക്കു മുന്നിൽ നിന്ന് ഒളിച്ചോടാനും ഇരുവരും ശ്രമിച്ചുമില്ല.ഇനിമുമ്പ് 2018-ൽ മാൻ ഹാട്ടനിൽ വച്ചാണ് ഇരുവരും ആദ്യമായി ഫോട്ടോഗ്രാഫർമാരുടെ കണ്ണിലുടക്കിയത്. പക്ഷേ അന്ന് കാര്യമായി ചിത്രങ്ങളെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നവംബറിൽ ഫ്ളോറിഡയിലെ ഒരു പാർട്ടിക്കിടെയാണ് ട്രിഫാനി കാമുകനെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
ലേ മെജസ്റ്റിക് ഹോട്ടലിൽ നിന്ന് പുറത്തുവന്നപ്പോഴാണ് ഫോട്ടോഗ്രാഫർമാർ ഇരുവരെയും വളഞ്ഞത്. കറുത്ത വേഷത്തിൽ സുന്ദരിയായിരുന്നു ട്രിഫാനി. കറുത്ത സ്യൂട്ടായിരുന്നു മൈക്കിളിന്റെ വേഷം.
ഇരുവരും കടുത്ത പ്രണയത്തിലാണെങ്കിലും വിവാഹം ഉടനുണ്ടാവുമോ എന്ന് വ്യക്തമല്ല.
ട്രംപിന്റെ രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിന്റെ മകളാണ് ട്രിഫാനി. 2016-ൽ യൂണിവേഴ്സിറ്റി ഒഫ് പെൻസിൽ വാനിയയിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ വാഷിംഗ്‌ടണിലെ ജോർജ് ടൗൺ നിയമവിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.
നൈജീരിയയിൽ ബിസിനസ് നടത്തുകയാണ് ട്രിഫാനിയുടെ കാമുകൻ. ബിരുദം നേടിയ ശേഷം ബിസിനസിൽ അച്ഛനെ സഹായിക്കാനായി നൈജീരിയയിലേക്കു പോയി. ഇപ്പോൾ ലണ്ടനിലെയും നൈജീരിയയിലെയും ബിസിനസ് നോക്കിനടത്തുന്നു.